ഹരിപ്പാട്: നിര്‍ധനയും വിധവയും രോഗിയുമായ സ്ത്രീയെ സാമ്പത്തികമായി സഹായിക്കാന്‍ ഉണ്ണിയപ്പ ചാലഞ്ച്. ഹൃദ്രോഗിയായ വെട്ടുവേനി കാര്‍ത്തികയില്‍ രമാദേവിക്ക് അടച്ചുറപ്പുള്ള വീടും ചികിത്സാ സഹായവും എത്തിക്കുന്നതിനു വേണ്ടിയാണ് ഉണ്ണിയപ്പ ചാലഞ്ച് സംഘടിപ്പിച്ചത്.
ഉച്ചയൂണു കൂട്ടായ്മയാണ് രമാദേവിക്ക് വേണ്ടി ഉണ്ണിയപ്പ ചലഞ്ച് സംഘടിപ്പിച്ചത്. ഉണ്ണിയപ്പത്തിന്റെ രുചിക്ക് അപ്പുറത്തേക്ക് സഹജീവി സ്നേഹം പ്രകടമായപ്പോള്‍ സഹായമായി ലഭിച്ചത് ഒരു ലക്ഷത്തിലധികം രൂപയാണ്. 30 വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിക്കുകയാണ് രമാദേവി.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഭര്‍ത്താവ് ആറു മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതോടെ രമാദേവിയുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമായി. പിന്നീട് രോഗബാധിതയായതോടെ വരുമാനമാര്ഗമെല്ലാം അടഞ്ഞു. തുടര്‍ന്നാണ് സുമനസ്സുകള്‍ സഹായത്തിനായി എത്തിയത്.
ഉണ്ണിയപ്പ ചലഞ്ച് നാട്ടുകാരും പുറത്തുള്ളവരും ഏറ്റെടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നു വാഹനത്തില്‍ എത്തി സഹായം നല്‍കിയവരുമുണ്ട്. കുട്ടികള്‍ അവരുടെ സമ്പാദ്യം മാതാപിതാക്കളുടെ കയ്യില്‍ കൊടുത്ത് വിട്ടു. ദേശീയപാതയിലൂടെ പോയവര്‍ ഉണ്ണിയപ്പം വില്ക്കുന്നതു കണ്ടാണ് എത്തിയത്.
എന്നാല്‍ ലക്ഷ്യം മനസ്സിലായതോടെ ഒരു കവര്‍ ഉണ്ണിയപ്പം വാങ്ങിയ ശേഷം സഹായം നല്‍കുകയായിരുന്നു. ഉണ്ണിയപ്പ ചാലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ച് 4 സെന്റ് സ്ഥലം വാങ്ങുന്നതിനു നടപടി സ്വീകരിക്കുമെന്ന് കരുതല്‍ ഉച്ചയൂണു കൂട്ടായ്മ ചെയര്മാന് ഷാജി കെ. ഡേവിഡ് പറഞ്ഞു. രമാദേവിക്ക് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള മാര്‍ഗം കൂടി പലഹാര നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.