ന്യൂഡല്‍ഹി; പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്ക്കാന് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ജഡ്ജ് ദീപക് ഗുപ്ത. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും, അക്രമാസക്തമാകാത്ത ജനരോഷം ഇല്ലാതാക്കാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.വിയോജിപ്പും ജനാധിപത്യവുമെന്ന വിഷയത്തില്‍ ഡല്‍ഹയില്‍ സംസാരിക്കുകയായിരുന്നു ദീപക് ഗുപ്ത.
സര്‍ക്കാര്‍ മാത്രമാണ് ശരിയെന്ന ധാരണ നല്ലതല്ല. ഭൂരിപക്ഷത്തിന്റെ ഭരണമാണ് ജനാധിപത്യമെന്നതും തെറ്റായ ധാരണയാണ്. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് 51 ശതമാനം വോട്ട് ലഭിക്കുന്നു എന്നതിനര്‍ഥം, അടുത്ത അഞ്ചു വര്‍ഷം 49 ശതമാനം പേരും മിണ്ടാതിരിക്കണം എന്നല്ല. ഓരോ പൗരനും ജനാധിപത്യത്തില്‍ റോളുണ്ട്. സര്‍ക്കാറുകളല്ല ജനാധിപത്യത്തില്‍ മുകളിലെന്നും ദീപക് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനെതിരായ കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ചില ബാര്‍ അസോസിയേഷനുകള്‍ പ്രമേയം പാസാക്കിയതായി അറിയുന്നു. ഇത് തെറ്റായ കീഴിവഴക്കമാണ്. രാജ്യത്ത് ഒരാള്‍ക്കും നിയമസഹായം തടയരുതെന്നും ഗുപ്ത പറഞ്ഞു. വിയോജിപ്പ് ദേശവിരുദ്ധമായാണ് ഇന്ന് പലരും കാണുന്നത്. രാജ്യമെന്നാല്‍ ഗവണ്മെന്റല്ല. രണ്ടും രണ്ടാണെന്നും ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
എല്ലാവരും ഒരേ പോലെ ചിന്തിക്കുകയാണങ്കില്‍ അവിടെ വികസനമുണ്ടാകില്ലെന്നും, പഴയ ചിന്തകളെ വെല്ലുവിളിക്കുകയാണ് വേണ്ടതെന്നും ചരിത്രത്തില്‍ ഗാന്ധിയും മാര്‍ക്സും മുഹമ്മദും ചെയ്തത് അതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.