ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും യുപിയില്‍ 73 പേരും, ബീഹാറില്‍ 23 പേരുമാണ് മരിച്ചത്.
അടുത്ത രണ്ടു ദിവസങ്ങളില്‍ കൂടി ഉത്തര്‍പ്രദേശില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ ഭാഗങ്ങളിലും പാറ്റ്ന ഉള്‍പ്പെടെയുളള ബീഹാറിലെ പ്രദേശങ്ങളിലും കാലാവസ്ഥ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഉത്താരാഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായി ആറു പേരും, ജമ്മുകാശ്മീരില്‍ ഒരാളും, ഗുജറാത്തില്‍ 3 പേരും മരിച്ചതായാണ് വിവരം. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം നല്കാന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം വീതം നല്‍കാനും മുഖ്യന്ത്രി ഉത്തരവിട്ടു.
കനത്ത മഴയില്‍ ബീഹാറിലെ പാറ്റ്ന നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. റോഡ്, റെയില്‍വെ ഗതാഗതങ്ങള്‍ താറുമാറായി. 13-ഓളം ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി.