കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ നിന്നും കണ്ടെത്തി. വോര്‍ക്കാടി കൊള്ളിയൂരിലെ അബൂബക്കറിന്റെ മകന് ഹാരിസിനെയാണ് മംഗളൂരുവില്‍ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവര്‍ നഗരത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
ഹാരിസിനെ കൊണ്ടുവരാന്‍ പോലീസ് സംഘം മംഗളൂരുവിലേക്ക് തിരിച്ചു. ഹാരിസിന്റെ അമ്മാവന് ലത്തീഫുമായി ഒരു സംഘം നടത്തിയ സ്വര്‍ണ്ണ ഇടപാടിലെ തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ചത്. സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തു തീര്‍പ്പായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന.
സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. വോര്‍ക്കാടി കൊള്ളിയൂരില്‍ വച്ച് കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാന്‍ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ശബ്ദ സന്ദേശം പോലീസിന് ലഭിച്ചു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കേസില്‍ ഇതുവരെയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
അതേസമയം, സാമ്പത്തിക ഇടപാടുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് ഹാരിസിന്റെ വീട്ടുകാര്‍ പറയുന്നത്. ഹാരിസിന്റെ അമ്മാവന്റെ മകനെ തട്ടിക്കൊണ്ടു പോകാനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ ആളുമാറി അനന്തരവനായ ഹാരിസിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.