ചണ്ഡിഗഡ്: ബിരുദ വസ്ത്രത്തില്‍ പക്കവട വിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധവുമായി ആക്ടീവിസ്റ്റുകള്‍ രംഗത്ത്. തൊഴില്‍ വിഷയത്തില്‍ മോഡി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് വേറിട്ട പ്രതിഷേധവുമായി ആക്ടിവിസ്റ്റുകള്‍ എത്തിയത്. ചണ്ഡിഗഡിലെ തെരഞ്ഞെടുപ്പ് റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അരങ്ങേറിയത്.
കഴിഞ്ഞ വര്‍ഷം മോഡി നടത്തിയ വിവാദ അഭിമുഖത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയത്. പക്കവട വില്‍ക്കുന്ന ഒരാള്‍ക്ക് ദിവസം 200 രൂപ ലഭിക്കുന്നു. അത് തൊഴിലായി അംഗീകരിക്കുമോ ഇല്ലയോ എന്നായിരുന്നു മോഡി പറഞ്ഞത്. രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല.
ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലായിരുന്നു മോഡിയുടെ പ്രതികരണം. ഇത് പിന്നീട് വന്‍ വിവാദമായി മാറുകയായിരുന്നു. മോഡി പുതിയ ‘പക്കവട സ്കീമി’ലൂടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് പരിഹസിച്ചു കൊണ്ട് ബിരുദ വസ്ത്രത്തില്‍ പക്കവട വിറ്റുകൊണ്ടായിരുന്നു ഇത്തവണ ആക്ടീവിസ്റ്റുകള്‍ പ്രതിഷേധമറിയിച്ചത്. ‘മോഡിജിയുടെ പക്കവട’ എന്ന പേരില്‍ തുടങ്ങിയ പ്രതിഷേധ സമരം പിന്നീട് പോലീസ് ഇടപെടലിനെ തുടര്‍ന്ന് അവസാനിപ്പിക്കേണ്ടി വന്നു. പതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.