ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ബിജെപിയെ അസ്വസ്ഥരാക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെയും അവരുടെ നേതാക്കളെയും പല രീതിയിലും അസ്വസ്ഥരാക്കുന്ന പ്രകടന പത്രികയാണിതെന്നും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. അസാധാരണമെന്ന് ഈ പ്രകടനപത്രികയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെയാണ് ബിജെപി പരിഭ്രമിക്കുന്നതെന്നും രാജീവ് ശുക്ല പറഞ്ഞു.
കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുമെന്നും അവയൊന്നും നാട്യങ്ങളല്ലെന്നും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ ലഭ്യമാക്കും എന്ന വാഗ്ദാനമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എല്ലാ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം തൊഴില്‍ പോലും സൃഷ്ടിക്കാന്‍ അവര്‍ക്കായില്ലെന്ന് രാജീവ് ശുക്ല വിമര്‍ശിച്ചു.