കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ട നാല് സീറ്റില്‍ രണ്ടിടത്തുകൂടി ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ജംഗിപ്പൂര്,ഉത്തര്‍ മാള്‍ഡ മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.സഖ്യത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസിന്റെ നാല് സിറ്റിംഗ്സീ റ്റ് ഒഴിച്ചിട്ടായിരുന്നു ഇടതുപക്ഷം കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ മാല്‍ഡ ഉത്തര്‍,മാല്‍ഡ ദക്ഷിണ്,ജംങ്കിപൂര്,ബഹ്റാംപൂര് എന്നിവിടങ്ങള്‍ ഒഴിച്ചിട്ടാണ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇടതുപക്ഷം പുറത്ത് വിട്ടത്.ഇടത് സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാല് സീറ്റുകള്‍ ഒഴിച്ചിട്ട് 38 സീറ്റുകളില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
സഖ്യം ആകാമെന്ന് കോണ്‍ഗ്രസും സിപിഎമ്മും നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും,കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റ് ഇടതുപക്ഷം ഘടകകക്ഷികള്‍ക്ക് നല്‍കുകയായിരുന്നു.ഇതോടെയാണ് സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം എടുത്തത്.ഇത് പ്രകാരം ബംഗാളില്‍ ആകെയുള്ള 42 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
എന്നാല്‍ സഖ്യത്തിനുള്ള സാധ്യത ഇടതുപക്ഷം കൈവിട്ടിരുന്നില്ല.ഇത് പ്രകാരം കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ ഒഴിച്ചിട്ടായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്.നീക്കുപോക്ക് ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല.കോണ്‍ഗ്രസ് നിലപാട് അറിഞ്ഞ ശേഷം സാഹചര്യമനുസരിച്ച് അവശേഷിക്കുന്ന നാല് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നുമായിരുന്നു സിപിഎം അധ്യക്ഷന്‍ ബിമന്‍ ബോസ് പറഞ്ഞത്.
സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് തീരുന്ന അവസരത്തിലാണ് കോണ്‍ഗ്രസിനായി ഒഴിച്ചിട്ട സിറ്റിംഗ് സീറ്റുകളില്‍ രണ്ടിടത്ത് സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം നിശ്ചയിച്ചത്.ഇതോടെ ബംഗാളിലെ കോണ്‍ഗ്രസ് സിപിഎം സഖ്യസാധ്യത പൂര്‍ണ്ണമായും അവസാനിക്കുകയാണ്.