കൊച്ചി: മദ്യപിച്ച് പാളത്തില്‍ കയറിയിരുന്ന യുവാവിനെ രക്ഷിക്കാന്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. യുവാവിനെയും ഒപ്പം പാളത്തിനടുത്തിരുന്ന് മദ്യപിച്ച കൂട്ടുകാരെയും റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു.
മുളന്തുരുത്തി സ്വദേശി നിവാസിനെയും കൂട്ടുകാരായ ബെഞ്ചമിന്‍ മില്‍ട്ടണ്‍, ജോഫി ജോസഫും എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ പൊന്തക്കാട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു ഇവര്‍. ഈ സമയം മുളന്തുരുത്തി സ്റ്റേഷനില്‍ നിന്നും നീങ്ങി തുടങ്ങിയിരുന്ന കൊല്ലം-എറണാകുളം മെമു ട്രെയിന്‍ വരുന്നതു കണ്ട നിവാസ് പാളത്തില്‍ ചാടിക്കയറിയിരിക്കുകയായിരുന്നു.
പാളത്തില്‍ യുവാവിനെക്കണ്ട ലോക്കോ പൈലറ്റ് വേഗത്തില്‍ മുന്നോട്ട് നീങ്ങി കൊണ്ടിരുന്ന മെമുവിനെ ഉടന്‍ ബ്രേക്കിട്ട് നിര്‍ത്തി. സംഭവം കണ്ട ഇയാളുടെ സുഹൃത്തുക്കള്‍ ഓടിയെത്തി നിവാസിനെ പാളത്തില്‍ നിന്നു വലിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല. പിന്നീട് മദ്യലഹരിയില്‍ ലോക്കോ പൈലറ്റിനെ അസഭ്യം പറഞ്ഞിട്ടാണ് യുവാവ് മടങ്ങിയത്.
ഈ രംഗങ്ങള്‍ എല്ലാം ലോക്കോ പൈലറ്റ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. എറണാകുളം നോര്‍ത്ത് ആര്‍പിഎഫ് സിഐ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെരച്ചിലിലാണ് മൂന്നു പേരെയും രാത്രി കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരെ കേസെടുത്തു.