കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് (21) ആണ് മരിച്ചത്. കോണ്‍വെന്റ് റോഡിലെ സീഗല്‍ അപ്പാര്ട്ട്മെന്റ്സിലാണു സംഭവം. ജസ്പ്രീത് സിങിനെ അയല്‍വാസികള്‍ ബീച്ച് ജനറല്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഉത്തര്‍പ്രദേശ് ബിജ്നോര്‍ ജില്ലയിലെ ഹല്‍ദ്വാര്‍ സ്വദേശി മനുമോഹന്സിങ്ങിന്റെയും സോനം കൗറിന്റെയും മകനാണ് മരിച്ച ജസ്പ്രീത് സിങ്. 15 വര്‍ഷത്തോളമായി ഇവര്‍ കോഴിക്കോട്ടാണു താമസം. തിങ്കളാഴ്ച ആറാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെ വേണ്ടത്ര ഹാജരില്ലാത്തതിനാല്‍ പരീക്ഷയെഴുതാനാവില്ലെന്നു ജസ്പ്രീതിനെ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു.
ഈ മനോവിഷമത്തില്‍ ജസ്പ്രീത് ആത്മഹത്യ ചെയ്തെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ടൗണ്‍ എസ്ഐ ബിജിത്ത് പറഞ്ഞു. വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജസ്പ്രീതിനെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അമ്മയാണ് കണ്ടത്. ഇവരുടെ കരച്ചില് കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ജസ്പ്രീതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജസ്പ്രീതിന് ആവശ്യത്തിനു ഹാജരില്ലാത്തതിനാലാണ് പരീക്ഷയെഴുതാന്‍ അനുമതി നല്‍കാതിരുന്നതെന്നും സര്‍വ്വകലാശാലയാണ് ഇതിന് തീരുമാനമെടുക്കുന്നതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഗോഡ്വിന് സാംരാജ് വ്യക്തമാക്കി. മൃതദേഹം ബീച്ച് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് മാവൂര്‍റോഡ് ശ്മശാനത്തില്‍ നടക്കും.