ജയ്പൂര്‍: മോഷണക്കുറ്റം ആരോപിച്ച് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ആള്‍ക്കൂട്ടം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. വസ്ത്രമഴിപ്പിച്ചാണ് മൃഗീയമായി ജനം യുവാക്കളെ തല്ലിചതച്ചത്. ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗര്‍ പട്ടണത്തിലാണ് സംഭവം. 24കാരനായ ദളിത് യുവാവ് സഹോദരനുമൊത്ത് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.
ഇവിടെ നിന്നാണ് പമ്പിലെ ജീവനക്കാര്‍ മോഷണക്കുറ്റമാരോപിച്ച് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്. കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നതിനു പുറമെ, ജനനേന്ദ്രിയങ്ങളിലടക്കം പെട്രോള്‍ ഒഴിച്ചും ക്രൂരത കാണിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ ഇവയെല്ലാം വ്യക്തമാകുന്നുണ്ട്.
വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. സഹോദരന്മാരുടെ പരാതിയെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.