ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തെ മുഴുവനുമായും കടലെടുക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. പത്തു വര്‍ഷം കൊണ്ട് നഗരം പകുതിയോളം മുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും അതുവഴി സംഭവിക്കാനിടയുള്ള കനത്ത പേമാരിയും കൂടിയാകുമ്പോള്‍ 2030 ഓടെ പത്ത് വര്‍ഷം കൊണ്ട് ബാങ്കോക്ക് നഗരം പൂര്‍ണ്ണമായും കടലില്‍ മുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോളണ്ടില്‍ ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായ പ്രാഥമിക യോഗത്തിന് ബാങ്കോക്കില്‍ ചൊവ്വാഴ്ച തുടക്കമാകാനിരിക്കെയാണ് ഭീതി ജനകമായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. താപനില ഉയരുന്നതും, കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനം, അതിശക്തമായ കൊടുങ്കാറ്റ്, കനത്ത പേമാരി, കടുത്ത വരള്‍ച്ചയും പ്രളയവും സ്ഥിതിഗതികള്‍ വഷളാക്കും.
സമുദ്രനിരപ്പില്‍ നിന്ന് 1.5 മീറ്റര്‍ ഉയരം മാത്രമുള്ള ചതുപ്പുനിലത്തിലാണ് ബാങ്കോക്ക് നഗരം സ്ഥിതി ചെയ്യുന്നത്. ജക്കാര്‍ത്തയും മനിലയും പോലെ കാലാവസ്ഥാ വ്യതിയാനം ലോകത്തില്‍ ഏറ്റവും ഭീകരമായി ബാധിക്കുന്ന നഗരമായാണ് ബാങ്കോക്ക് വിലയിരുത്തപ്പെടുന്നത്. കനത്ത മഴമൂലം 2030 ആദ്യത്തോടെ ബാങ്കോക്ക് നഗരത്തിന്റെ 40 ശതമാനം വെള്ളത്തില്‍ മുങ്ങുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഓരോ വര്‍ഷത്തിലും ഒന്നോ രണ്ടോ സെന്റീമീറ്റര്‍ വീതം നഗരത്തെ കടലെടുക്കുന്നതായാണ് മറ്റൊരു പഠനം പറയുന്നത്.