യാങ്കോണ്‍: കേരളത്തിനു പിന്നാലെ മ്യാന്മറിനെ തകര്‍ത്തെറിഞ്ഞ് മഴക്കെടുതി. തുടര്‍ച്ചയായ മഴയിലും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഡാം തകര്‍ന്നടിഞ്ഞു. ഇതോടെ 85ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ബാഗോ പ്രവിശ്യയിലെ യെദാഷെ നഗരത്തിലുള്ള സ്വാര് ചൗങ് ഡാമിന്റെ ഒരു ഭാഗമാണ് ബുധനാഴ്ച പുലര്‍ച്ചെ 5.30-ഓടെ തകര്‍ന്നത്.
കനത്ത ജലപ്രവാഹത്തെത്തുടര്‍ന്ന് പ്രധാന റോഡുകളും സ്വാര്, യെദാഷെ നഗരങ്ങളും വെള്ളത്തിനടിയിലായി. 63,000-ത്തോളം ആളുകള്‍ വീടുവിട്ട് ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി. രണ്ടുപേരെ ഒഴുക്കില്‍ കാണാതായിട്ടുണ്ട്. അഗ്നിശമനസേനയും സൈന്യവുമടക്കം മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വെള്ളത്തിന്റെ ഒഴുക്കില്‍ ഒരു പാലവും തകര്‍ന്നു. പാലംതകര്ന്നതോടെ തലസ്ഥാനമായ നയ്പെയ്തോ, മറ്റു പ്രധാനനഗരങ്ങളായ യാങ്കോണ്‍, മണ്ടാലയ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഡാമിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് ജലവിതരണവിഭാഗം ഉദ്യോഗസ്ഥന് ക്വാങ് മിയാത് തെയ്ന്‍ പറഞ്ഞു. ഡാം തകര്‍ന്നതിന്റെ കാരണം അന്വേഷിക്കും. ദിനംപ്രതി ഡാം പരിശോധിക്കാറുണ്ടായിരുന്നു. അപകട ഭീഷണിയുള്ളതായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.