പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് ജീവനുള്ള മുതലയ്ക്കരികില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ ചാടിക്കടിച്ച് മുതല. ഫിലിപ്പീന്‍സിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് സംഭവം. നഹീമിയാസ് ചിപാട എന്നയാളാണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
പിറന്നാള്‍ ദിവസം കുടുംബത്തോടൊപ്പം അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇയാള്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പാര്‍ക്കിലെ പൂളിലേക്ക് ഇറങ്ങി ചെല്ലുന്നതും അനക്കമില്ലാതെ കിടക്കുന്ന മുതലയെ തൊട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതും കാണാം.
പന്ത്രണ്ട് അടി നീളമുള്ള മുതല അനക്കമില്ലാതെ കിടക്കുകയായിരുന്നു. നഹീമിയാസ് അടുത്തെത്തി തൊട്ടതും മുതല ചാടിക്കടിച്ചു. ആയുസ്സിന്റെ ബലം കൊണ്ടുമാത്രമാണ് ജീവന് തിരിച്ചു കിട്ടിയത്. അക്ഷരാര്‍ത്ഥത്തില്‍ മുതലയുടെ വായില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. പിറന്നാള്‍ ദിവസം ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് അറുപത്തിയെട്ടുകാരനായ നഹീമിയാസ്.
നഹീമിയാസിന് ഉടന്‍ തന്നെ പാര്‍ക്ക് അധികൃതര്‍ വൈദ്യസഹായം നല്കി. തുടര്‍ന്നാണ് അടുത്തുള്ള ആശുപത്രിയിലേക്കും മാറ്റിയത്. അതേസമയം, പാര്‍ക്ക് അധികൃതരുടെ വീഴ്ച്ചയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് നഹീമിയാസിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
പൂളില്‍ ഇറങ്ങരുതെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിരുന്നില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ അപകടമുണ്ടാകില്ലായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ മകള്‍ പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ച് പാര്‍ക്ക് അധികൃതരും രംഗത്തെത്തി. പ്രതിമയാണെന്ന് കരുതിയാണ് ഇയാള്‍ മുതലയ്ക്ക് അരികില്‍ ചെന്നെതെന്നും ഈ സ്ഥലം നിയന്ത്രിത മേഖലയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.