ഒരാഴ്ചയായി ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിലാണ് അഫ്ഗാനികള്‍. കാബൂള്‍ താലിബാന് ഏറ്റെടുത്തതോടെ രാജ്യം വിടാനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍. സ്ത്രീകളും കുഞ്ഞുങ്ങളുമാണ് ഈ പലായനത്തില്‍ ഏറെ ബുദ്ധിമുട്ടുന്നത്.
ദുരിതജീവിതത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയെ. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടു പോയ കൈക്കുഞ്ഞിന്റെ ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്. ഏഴുമാസം പ്രായമുള്ള കുഞ്ഞാണ് മാതാപിതാക്കളുടെ കൈയ്യില്‍ നിന്നും വേര്‍പെട്ടുപോയത്.
നീല പ്ലാസ്റ്റിക് ബോക്സില്‍ കിടക്കുന്ന ചിത്രം പ്രാദേശിക വാര്‍ത്താ ഏജന്‍സിയാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. കുഞ്ഞിന്റെ മാതാപിതാക്കളെ സമൂഹ മാധ്യമത്തിലൂടെയെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവള അധികൃതര്‍. കഴിഞ്ഞ ദിവസം മുള്‍വേലിക്ക് മുകളിലൂടെ കൈക്കുഞ്ഞിനെ സൈനികരെ ഏല്‍പ്പിക്കുന്ന ദൃശ്യങ്ങളും അഫ്ഗാനില്‍ നിന്ന് പുറത്ത് വന്നിരുന്നു.