പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളിയില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ഒരു അമ്മ ഒപ്പോസം മക്കളെയും കൊണ്ട് ടെലിഫോണ്‍ കേബിളില്‍ കൂടി ബാലന്‍സ് ചെയ്തു നീങ്ങുന്ന ദൃശ്യമാണ് വൈറലായത്.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നുമാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ കാണപ്പെടുന്ന സസ്തനി വിഭാഗത്തില്‍ പെടുന്ന ജീവിയാണ് ഒപ്പോസം. ഒന്നും രണ്ടുമല്ല ഏഴ് കുഞ്ഞുങ്ങളാണ് അമ്മ ഒപ്പോസത്തിന്റെ പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്നത്.
എന്നാല്‍ അവയില്‍ ഒന്നിനുപോലും ഇളക്കം തട്ടാതെ ഏതാനും ഇഞ്ച് മാത്രം വലുപ്പമുള്ള കേബിളില്‍ കൂടിയായിരുന്നു അമ്മയുടെ സാഹസിക യാത്ര. തറയില്‍ നിന്നും മൂന്നോ നാലോ മീറ്റര്‍ ഉയരത്തിലാണ് ടെലിഫോണ്‍ കേബിള്‍. കാലൊന്നിടറിയാല്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും വലിയ അപകടം ഉണ്ടാകുമെന്നുറപ്പ്.
പക്ഷേ ഏറെ പരിശീലനം സിദ്ധിച്ച അഭ്യാസികളെ പോലെ നെല്ലിട പിഴയ്ക്കാതെ നിഷ്പ്രയാസമാണ് ഒപ്പോസം ബാലന്‍സ് ചെയ്തത്. സമീപത്തുള്ള കെട്ടിടത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടയ്ക്ക് ഒരു മരച്ചില്ല കണ്ടതോടെ ആദ്യം അല്പം പകച്ചെങ്കിലും പിന്നീട് കുഞ്ഞുങ്ങളുമായി മുന്നോട്ടു നീങ്ങുകതന്നെ ചെയ്തു. സമൂഹമാധ്യമങ്ങളില്‍ എത്തിയ ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.