തങ്ങളുടെ ജീവിതത്തില്‍ കൂട്ടായി ഒരു കുഞ്ഞു കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ഗേ ദമ്പതികളായ സഞ്ജയും ഡൗഗും. 10 വര്‍ഷത്തോളം പ്രണയിച്ച ശേഷം 2019 -ല്‍ വിവാഹിതരായ ഇരുവരും ഇപ്പോള്‍ അച്ഛന്മാരാകാനുള്ള തയ്യാറെടുപ്പിലാണ്.
ലണ്ടന്‍ നിവാസികളായ ദമ്പതികള്‍ ഇന്ത്യന്‍ രീതിയിലുള്ള ഷെര്‍വാണികള്‍ ധരിച്ചായിരുന്നു വിവാഹത്തിനെത്തിയത്. ചടങ്ങില്‍ സംബന്ധിക്കാന്‍ അവരുടെ മാതാപിതാക്കളും എത്തിയിരുന്നു. 12 വര്‍ഷമായി, ഡൗഗും സഞ്ജയും യാത്രയും വിനോദവുമായി ജീവിതം അടിച്ചുപൊളിക്കുകയാണ്.
ഇന്നും ആ യാത്രകള്‍ തുടരുന്നു. ഗ്രീസും ഇന്ത്യയും ഉള്‍പ്പെടെ 50 -ലധികം രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ലണ്ടനില്‍ നിന്നും ഇസ്താംബൂളിലേക്കും അവിടെ നിന്നും ന്യൂയോര്‍ക്കിലേക്കും യാത്ര പോയി” അവര്‍ വെളിപ്പെടുത്തി. ‘2019 -ലെ ഞങ്ങളുടെ വിവാഹത്തിന് ശേഷം, ഒരു കുടുംബമുണ്ടാക്കാനുള്ള വഴിയെ കുറിച്ച് ഞങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തു’ ഡൗഗ് പറയുന്നു.
ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, വാടക ഗര്‍ഭപാത്രം എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നു. മധുവിധു കഴിഞ്ഞയുടനെ അവര്‍ ഇതിനായുള്ള കാര്യങ്ങള്‍ ആരംഭിച്ചു. 2020 മാര്‍ച്ചില്‍ ഇതിനായി യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായ, അമേരിക്കയില്‍ സ്ഥിതിചെയ്യുന്ന ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കും വാടക ഗര്‍ഭപാത്ര ഏജന്‍സിയും അവര്‍ സന്ദര്‍ശിച്ചു. അവര്‍ മുഖാന്തരം ആംബര്‍ എന്ന യുവതിയെ ദമ്പതികള്‍ കണ്ടുമുട്ടി.
അങ്ങനെ ആംബര്‍ അവരുടെ കുഞ്ഞിനെ ഉദരത്തില്‍ വഹിച്ചു. ആംബറുമായി തങ്ങള്‍ക്ക് വളരെ അടുപ്പമാണെന്നും, അവര്‍ ചെയ്യുന്ന സേവനത്തിന് എന്നും നന്ദിയുള്ളവരായിരിക്കും തങ്ങളെന്നും അവര്‍ പറയുന്നു. ഞങ്ങള്‍ അടുത്തിടെ പ്രസവാനന്തര ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചുവെന്നും കുഞ്ഞിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും’ സഞ്ജയ് പറഞ്ഞു.