മരത്തിന് മുകളില്‍ മണിക്കൂറുകളോളം കാത്തിരുന്നത് വെറുതെയായില്ല, മലയാളി ഫോട്ടോഗ്രാഫറെടുത്ത ചിത്രത്തെ തേടിയെത്തിയത് അന്തര്‍ദേശീയ പുരസ്കാരം. നേച്ചര്‍ ടിടിഎല്‍ ഫോട്ടോഗ്രാഫര്‍ 2021 അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. അനിമല്‍ ബിഹേവിയര്‍ എന്ന വിഭാഗത്തിലും പൊതുവായ മികച്ച ചിത്രത്തിനുമുള്ള അവാര്‍ഡാണ് കാനഡയില്‍ താമസമാക്കിയ മലയാളി തോമസ് വിജയ് സ്വന്തമാക്കിയത്.
ആയിരത്തി അഞ്ഞൂറ് പൌണ്ടാണ് തോമസ് വിജയന് സമ്മാനമായി ലഭിക്കുക. ലോകം തലകീഴായി പോവുമ്പോള്‍ എന്ന അടിക്കുറിപ്പോടെ മരത്തിലേക്ക് കയറിവരുന്ന ഒറാങ്ങൂട്ടാന്റെ ചിത്രത്തിനാണ് അവാര്‍ഡ്. നിലത്ത് ജലാശയത്തില്‍ ആകാശത്തിന്റെ പ്രതിഫലനം കാണുന്ന രീതിയില്‍ മരത്തില്‍ കയറി ഇരുന്നാണ് തോമസ് വിജയന്റെ ചിത്രമുള്ളത്.
മത്സരത്തിനായി എത്തിയ ചിത്രങ്ങളില്‍ തോമസ് വിജയന്റെ ചിത്രം വേറിട്ട് നിന്നുവെന്നാണ് ജഡ്ജിംഗ് പാനല്‍ അംഗവും നാച്ചര്‍ ടിടിഎല്‍ സ്ഥാപകനുമായ വില്‍ നിക്കോള്‍സ് പ്രതികരിക്കുന്നത്. ബോര്‍ണിയോയിലെ പല ദിവസങ്ങള്‍ ചെലവിട്ടാണ് ഈ ചിത്രമെടുത്തതെന്നാണ് തോമസ് വിജയന് ചിത്രത്തേക്കുറിച്ച് പറയുന്നത്.
വെള്ളത്തില്‍ വളരുന്ന ഒരു മരത്തില്‍ വച്ചാണ് ചിത്രം കിട്ടിയത്. ഒറാങ്ങൂട്ടാന്റെ സ്ഥിരം സഞ്ചാരപാതയാണ് ഈ മേഖലയെന്ന് മനസിലാക്കിയ ശേഷം മണിക്കൂറുകള്‍ ചിത്രത്തിനായി കാത്തിരുന്നെന്നും തോമസ് വിജയന് പറയുന്നു. 8000ത്തോളം മത്സരാര്‍ത്ഥികളില്‍ നിന്നാണ് തോമസ് വിജയന്റെ നേട്ടം.