സിഡ്നി: കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചുവെച്ചത് 15 വര്‍ഷം. കേള്‍ക്കുമ്പോള്‍ അസാധാരണമെന്ന് തോന്നുമെങ്കിലും ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന സംഭവമാണിത്. സിഡ്നിയില്‍ താമസിച്ചിരുന്ന ബ്രൂസ് റോബര്‍ട്ട്സ് എന്നയാളാണ് ഷെയ്ന് സ്നെല്മാന് എന്നയാളെ കൊലപ്പെടുത്തി മൃതദേഹം 15 വര്‍ഷം വീട്ടില്‍ സൂക്ഷിച്ചത്. 2002-ല്‍ നടന്ന കൊലപാതകവും മറ്റുസംഭവങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറമാണ് 2018ലാണ് പുറംലോകമറിഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- 2002-ല്‍ ബ്രൂസിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ സ്നെല്‍മാനെ ബ്രൂസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം പുറംലോകം അറിഞ്ഞാന് താന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഭയത്തില്‍ സ്നെല്‍മാന്റെ മൃതദേഹം മറ്റൊരു മുറിയില്‍ രഹസ്യമായി ഒളിപ്പിച്ചു.
ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മൃതദേഹത്തിന് ചുറ്റും എയര്‍ ഫ്രെഷ്നര്‍ കുപ്പികളും നിരത്തി. വര്‍ഷങ്ങളോളം മൃതദേഹം ഇങ്ങനെ വീട്ടില്‍ സൂക്ഷിച്ചിട്ടും ആരുമറിഞ്ഞിരുന്നില്ല. 2017-ല്‍ റോബര്‍ട്ട്സിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും ഇയാളുടെ മൃതദേഹം വീട്ടില്‍നിന്ന് കൊണ്ടുപോയി.
അപ്പോഴും വീട്ടിനുള്ളില്‍ മറ്റൊരാളുടെ മൃതദേഹം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ആര്‍ക്കും മനസിലായില്ല. അന്ന് യാതൊരുവിധ സംശയവും ആര്‍ക്കുമുണ്ടായില്ല. പിന്നീട് 2018-ല്‍ വീട് വൃത്തിയാക്കാനെത്തിയവരാണ് വീട്ടിനുള്ളില്‍ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ 70-ലേറെ എയര്‍ഫ്രഷ്ണര്‍ കുപ്പികളും മൃതദേഹത്തിന് ചുറ്റും ഉണ്ടായിരുന്നു.
മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് കൊല്ലപ്പെട്ടത് സ്നെല്മാന് ആണെന്നും വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും കണ്ടെത്തിയത്. കവര്‍ച്ചാശ്രമത്തിനിടെ ബ്രൂസ് സ്നെല്‍മാനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ സ്നെല്‍മാന്റെ ബന്ധുക്കളും മറ്റും ഈ കണ്ടെത്തല്‍ നിഷേധിച്ചിരുന്നു. ഇരുവരും നേരത്തെ പരിചയമുള്ളവരാണെന്നായിരുന്നു ബന്ധുക്കള്‍ വ്യക്തമാക്കിയത്.