ലോകം ഒന്നടങ്കം കോവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വിശ്രമം പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ജീവന് പോലും മറന്ന് ഉറ്റവരില്‍ നിന്നും മാസങ്ങളോളം അകന്ന് നിന്നാണ് പലരും സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നത്.
അതിനിടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി പാട്ടും നൃത്തവുമൊക്കെയായി മുന്‍നിര പോരാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോള്‍ അയര്‍ലന്‍ഡിലെ ഒരു കൂട്ടം നഴ്സുമാര്‍ വ്യത്യസ്തമായ വിഡിയോയുമായി എത്തുകയാണ്.
അയര്‍ലന്‍ഡിലെ കോര്‍ക്ക് കൗണ്ടിയിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്സുമാരുടെ സാംസ്കാരിക സംഘടനയായ കോര്‍ക്ക് ഇന്ത്യന്‍ നഴ്സുമാരാണ് ഈ മികച്ച ദൃശ്യ വിരുന്നു ഒരുക്കിയത്. യഥാര്‍ത്ഥ ജറുസലേം നൃത്ത ചുവടുകള്‍ക്കൊപ്പം കഥകളിയും ചെണ്ടയും മാര്‍ഗം കളിയും ഉള്‍പ്പടെയുള്ള ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഡാന്‍സ് വിഡിയോ .
സൗത്ത് ആഫ്രിക്കന്‍ ഡി.ജെ മാസ്റ്റര്‍ കെജി ചിട്ടപ്പെടുത്തിയ ജറുസലേം ഗാനത്തിനൊപ്പമാണ് നൃത്തം. കോവിഡ് സാമൂഹിക വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി അതിജീവിക്കുവാനും സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് വിദൂരമല്ല എന്ന സന്ദേശം നല്കുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളുകളും പിന്തുടര്ന്ന് വിവിധ ഗ്രൂപ്പുകളിലായി നിരവധി നഴ്സുമാര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.