ബെയ്ജിങ്: ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്മതിലില് ഒരു രാത്രി ചെലവഴിക്കാന്‍ അവസരമൊരുക്കുന്ന മത്സരം പ്രമുഖ വെബ്സൈറ്റായ എയര്‍ ബി.എന്‍.ബി പിന്‍വലിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള അനുഭവത്തിന് അര്‍ഹത നേടാന്‍ ‘സാംസ്കാരിക വേര്‍തിരിവുകള്‍ എങ്ങനെ ഇല്ലാതാക്കാം’ എന്ന വിഷയത്തില്‍ 500 വാക്കുകളില്‍ ഉപന്യാസം എഴുതാനായിരുന്നു ജനങ്ങളോട് ആവശ്യപ്പെട്ടത്.
എന്നാല്‍, മത്സരത്തിന് സമ്മിശ്ര പ്രതികരണം ലഭ്യമായതും പൈതൃകബിംബത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ മത്സരം കാരണമാകും എന്നു കണ്ടുമാണ് പിന്‍വലിച്ചത്. ഇതുകൂടാതെ മത്സരത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിഭവസമൃദ്ധമായ അത്താഴവും വന്മതിലിലെ ഏതെങ്കിലുമൊരു നിരീക്ഷണസ്തൂപത്തില് സജ്ജമാക്കിയ കിടപ്പറയില്‍ വിശ്രമവുമടക്കം വന്‍ സജ്ജീകരണങ്ങളോടുകൂടിയ പരിപാടിയായിരുന്നു മത്സരത്തിന്റെ ഭാഗമായി ഒരുക്കാന്‍ ഉദ്ദേശിച്ചിരുന്നത്.