പലപ്പോഴും ചില ജീവിതങ്ങള്‍ സിനിമാക്കഥകളേപ്പോലും തോല്‍പ്പിക്കുന്നവയാണ്. അത്തരമൊരു ജീവിതമാണ് മരിയ ടൂര്പകായ് വസീര്‍ എന്ന പാകിസ്താന്കാരിയുടേത്. ഭൂമിയിലെ ഏറ്റവും ഭീതിദമായ ഇടമാണ് പാകിസ്താനിലെ വസീറിസ്ഥാന് എന്ന് അവള് പറയും. സ്ക്വാഷ് കളിക്കാരിയാകുക എന്ന സ്വപ്നം ആത്മാവില്‍ പേറി ജീവിക്കുകയും അതിനായി തന്റെ സ്വത്വം തന്നെ ഒളിപ്പിക്കുകയും ചെയ്തവളാണ് മരിയ.
കാരണം വസീറിസ്ഥാനില്‍ പെണ്‍കുട്ടികളെ മൈതാനങ്ങളില്‍ ഇറങ്ങാന്‍ താലിബാന് അനുവദിക്കില്ല. താലിബാനെ ധിക്കരിച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ പിന്നെ മറുപടി പറയുക ഭീകരരുടെ തോക്കുകളായിരിക്കും. പക്ഷേ മരിയയ്ക്ക് ജീവിതത്തേക്കാള്‍ വലുതായിരുന്നു അവളുടെ സ്വപ്നം. അതുകൊണ്ട് അവള് ആണ്‍കുട്ടിയായി വേഷമിട്ടു. ആണ്‍കുട്ടികളോടൊപ്പം കളിമൈതാനങ്ങളില്‍ അവള് അതിന് വേണ്ടി പോരാടി. പല ചാംപ്യന്‍ഷിപ്പുകളിലും ജേതാവാകുകയും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തു.
പക്ഷേ പന്ത്രണ്ടാം വയസ്സില്‍ അവള് പെണ്‍കുട്ടിയാണ് എന്ന് തിരിച്ചറിയപ്പെട്ടു. മരിയയുടെ കുടുംബത്തിന് അവളെക്കുറിച്ച് ഭയമുണ്ടായിരുന്നുവെങ്കിലും അവളുടെ ആത്മവിശ്വാസത്തെ തോല്‍പ്പിക്കാന്‍ ഒന്നിനും കഴിഞ്ഞില്ല. ഒടുക്കം ഭീഷണി അത്രമേലായപ്പോള് അവള്‍ക്ക് കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി മൂന്ന് വര്‍ഷത്തേക്ക് മൈതാനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. എങ്കിലും അദമ്യമായ ആഗ്രഹം പിന്നെ അവളെ ടൊറന്റോയില്‍ എത്തിച്ചു. നാഷണല്‍ സ്ക്വാഷ് അക്കാഡമിയില്‍ ചേര്‍ന്ന് പരിശീലനം തുടരാന്‍. തന്റെ സ്വന്തം രാജ്യമായ പാകിസ്ഥാനില്‍ സ്വതന്ത്രമായി തനിക്ക് സ്ക്വാഷ് കളിക്കണം, തന്റെ രാജ്യത്തെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണം, അവര്‍ ബഹുമാനിക്കപ്പെടണം, സ്വയം പര്യാപ്തരാകണം തുടങ്ങിയ ആഗ്രങ്ങളാണ് ഇപ്പോള്‍ മരിയയ്ക്ക് ഉള്ളത്. തന്റെ സ്വന്തം രാജ്യമായ പാകിസ്താനില്‍ സ്വതന്ത്രമായി തനിക്ക് സ്ക്വാഷ് കളിക്കണം.