ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി വില്ലം ഹൊളീദാറിന്റെ ജീവചരിത്രം ‘ജൂദാസി’ന്റെ ഇഗ്ലീഷ് തര്‍ജമയെത്തുന്നു. രണ്ടു വര്‍ഷം മുന്‍പ് ഡച്ച് ഭാഷയില്‍ വില്ലം ഹൊളീദാറിന്റെ ജീവിതത്തെക്കുറിച്ച് സഹോദരി ആസ്ത്രിദ് ഹൊളീദാര് എഴുതിയ പുസ്തകമാണ് ‘ജൂദാസ്. പുസ്തകം ഹോളണ്ടില്‍ 70 ആഴ്ചകളോളം തുടര്‍ച്ചയായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ തുടര്‍ന്നു.
‘ഹൗ എ സിസ്റ്റേഴ്സ് ടെസ്റ്റിമണി ബ്രോട്ട് ഡൗണ്‍ എ ക്രിമിനല്‍ മാസ്റ്റര്‍മൈന്‍ഡ്’, സഹോദരിയുടെ സാക്ഷിമൊഴി സഹോദരനെ അഴിക്കുള്ളിലാക്കിയ കഥ അതാണ് ജൂദാസ്. 35 വര്‍ഷം പിന്നില്‍നിന്ന് കഥ തുടങ്ങുന്നു. 1983- വില്ലം ഹൊളീദാര് എന്ന അധോലോക നായകന്റെ ജനനം. ഹെയ്നകന് ഇന്റര്‍ നാഷണല്‍ കമ്പനി സിഇഒ ഫ്രെഡ്ഡി ഹെയ്നകനെ വില്ലമും സംഘവും തട്ടിക്കൊണ്ടുപോകുന്നു. മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് അതിഭീമമായ തുക. പണം ലഭിച്ചു, ഹെയ്നകന് മോചിതനുമായി. പക്ഷേ, ഏറെ വൈകാതെ കേസില്‍ വില്ലവും സംഘവും അറസ്റ്റിലായി.
പതിനൊന്നുവര്‍ഷത്തെ തടവു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വില്ലം ഹൊളീദാര് അടവുകളെല്ലാം പഠിച്ച ഒരു കുറ്റവാളിയായി. ക്രിമിനലുകള്‍ക്കൊപ്പമുള്ള സഹവാസം, ബന്ധങ്ങള്‍ എല്ലാം നെതര്‍ലന്‍ഡ്സിലെ ഏറ്റവും വലിയ മാഫിയാ തലവനായി അയാളെ മാറ്റി. കൊള്ളയും കൊലയും കള്ളക്കടത്തുമെല്ലാമായി ഒരു ഇരുണ്ട ജീവിതം. സംഘത്തില്‍നിന്ന് വിട്ടുപോകാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയതോടെ വീണ്ടും ജയിലിലേക്ക്.
വില്ലം വീണ്ടും ജയിലിലായതിന് പിന്നാലെ വില്ലത്തിന്റെ ഏറ്റവും അടുത്ത കൂട്ടാളിയായിരുന്നു കോര്‍ വാന്ഹൗട്ട് വില്ലത്തിന്റെ സഹോദരി സോഞ്ചയെ വിവാഹം കഴിച്ചു. പിന്നീട് വാന്ഹൗട്ടിന്റേത് കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് മാറിയുള്ള സഞ്ചാരമായിരുന്നു പിന്നീട് വാന്ഹൗട്ടിന്റേത്. 1996-ല്‍ വില്ലം ജയില്‍മോചിതനായി. തൊട്ടുപിന്നാലെ വാന്ഹൗട്ടിനെതിരേ അജ്ഞാതന്റെ വധശ്രമം. ഭാഗ്യംകൊണ്ടുമാത്രം അയാളും കുടുംബവും രക്ഷപ്പെട്ടു. ഏഴുവര്‍ഷത്തിന് ശേഷം വാന്ഹൗട്ട് കൊല്ലപ്പെട്ടു. കേസില്‍ വില്ലം അറസ്റ്റിലായി.
തെളിവുകളില്ലാത്തതിനാല്‍ വില്ലം രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. അവിടെയായിരുന്നു വില്ലത്തിന്റെ മറ്റൊരു സഹോദരി ആസ്ട്രിഡ് ഹൊളീദാറിന്റെ രംഗപ്രവേശം. അഭിഭാഷകയായ അവര്‍ വില്ലത്തോട് അടുത്തു. സൂത്രത്തില്‍ കൊലപാതകത്തിന്റെ കാരണങ്ങള്‍ അയാളെക്കൊണ്ട് പറയിച്ച് അത് റെക്കോഡ് ചെയ്തെടുത്തു. പിന്നെ കോടതിയില്‍ സ്വന്തം സഹോദരനെതിരേ പ്രധാന സാക്ഷിയായി. ഈ കഥകളെല്ലാം ആസ്ട്രിഡ് പുസ്തകമാക്കി അത് 2016-ല്‍ ഡച്ച് ഭാഷയില്‍ പുറത്തിറങ്ങി. കെട്ടു കഥയെ വെല്ലുന്ന ജീവചരിത്രം നെതര്‍ലന്‍ഡ്സില്‍ ചൂടപ്പംപോലെ വിറ്റുപോയി. ഈ സ്വീകാര്യത ഇംഗ്ലീഷ് തര്‍ജമയ്ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുസ്തകത്തിന്റെ പ്രസാധകര് ലിറ്റില്‍ ബ്രൗണ്‍.