പെണ്‍കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി ടോക്കിയോ മെഡിക്കല്‍ സര്‍വ്വകലാശാല എന്‍ട്രന്‍സ് പരീക്ഷാഫലം അട്ടിമറിച്ചതായി വെളിപ്പെടുത്തല്‍. കൂടുതല്‍ പുരുഷന്മാര് ടോക്ടര്മാരാകുന്നത് പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒരു ആഭ്യന്തര അന്വേഷണത്തിലാണ് ഈ വന്‍ അട്ടിമറി കണ്ടെത്തിയത്.
2006 മുതല്‍ സര്‍വ്വകലാശാല എല്ലാ എന്‍ട്രന്‍സ് പരീക്ഷകളിലും ഇടപെടുന്നുണ്ടായിരുന്നു. ഇത്തരമൊരു ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ഭാവിയിലിനി ഉണ്ടാകില്ലായെന്നും സര്‍വ്വകലാശാലയുടെ മാനേജിങ് ഡയറക്ടര്‍ ടെറ്റ്സുവോ യുകിയോക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂളില്‍ ഒരു ഉന്നതോദ്യോഗസ്ഥന്റെ മകന് പിന്‍വാതില്‍ പ്രവേശനം നേടിയതോടെയാണ് സര്‍വ്വകലാശാലയുടെ കള്ളക്കളികള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. പിന്നാലെ, അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടു. ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സര്‍വ്വകലാശാലയ്ക്ക് ആവശ്യമായ ഗവേഷണ ഫണ്ട് നേടിയെന്നും ആരോപണമുണ്ടായി. ഉദ്യോഗസ്ഥനെും സര്‍വ്വകലാശാലയിലെ ഒരു മുന്‍ വകുപ്പു തലവനുമെതിരെ കൈക്കൂലിക്കേസ് വന്നിട്ടുണ്ട്.
പരീക്ഷയെഴുതിയ എല്ലാവരുടെയും ആദ്യഘട്ട ടെസ്റ്റിലെ സ്കോര്‍ 20% കുറയ്ക്കുകയും ആണ്‍കുട്ടികളുടെ സ്കോര്‍ 20 പോയന്റ് കൂട്ടിയിടുകയുമാണ് സര്‍വ്വകലാശാല ചെയ്തത്.