ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരില്‍ പലരും ആ സാധനത്തിന്റെ റിവ്യൂ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഉപഭോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്ന റിവ്യൂ ആണ് സമൂഹമാധ്യമങ്ങളിലടക്കം വമ്പന്‍ വാര്‍ത്തയായി മാറിയിരിക്കുന്നത്.
ആമസോണില്‍ നിന്ന് വാങ്ങിയ ചാണകം കഴിച്ച്, അതിന്റെ റിവ്യൂ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു ഉപഭോക്താവ്. സാധാരണ മതപരമായ ആവശ്യങ്ങള്‍ക്കും കത്തിക്കാനുമാണ് ചാണകം ഉപയോഗിക്കുന്നത്. എന്നാല്‍ ആമസോണില്‍ നിന്ന് വാങ്ങിയ ചാണകം ഒരാള്‍ കഴിച്ചുനോക്കുകയായിരുന്നു.
ആരാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ആമസോണ്‍ ഉപഭോക്താവാണ് ചാണകം കഴിച്ചതിന്റെ അനുഭവം റിവ്യൂ ആയി നല്‍കിയത്. ആമസോണില്‍ നിന്ന് വാങ്ങിയ ചാണക കേക്കുകളെക്കുറിച്ച് ഒരാള്‍ അവലോകനം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഉപയോക്താവ് ഡോ. സഞ്ജയ് അറോറാണ് ട്വിറ്ററില്‍ റിവ്യൂ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ട്വീറ്റ് ചെയ്തത്.
വാസ്തവത്തില്‍, ഈ വ്യക്തി ബ്രാന്‍ഡിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ‘ഞാന്‍ അത് (ചാണകം) കഴിച്ചപ്പോള്‍ വളരെ മോശമായാണ് തോന്നിയത്. പുല്ലുപോലെയും രുചിയില്‍ ചെളി നിറഞ്ഞതുമായിരുന്നു അത്. നിര്‍മിക്കുമ്പോള്‍ ദയവായി കുറച്ചുകൂടി മികച്ചതാക്കാന്‍ ശ്രമിക്കുക.
കൂടാതെ, ഈ ഉല്പന്നത്തിന്റെ രുചിയിലും ക്രഞ്ചിനസിലും (കറുമുറ ശബ്ദം ഉണ്ടാക്കുന്ന) ശ്രദ്ധിക്കുക’ എന്നതായിരുന്നു റിവ്യൂ ഉള്ളടക്കം. തന്റെ പോസ്റ്റില്‍, സഞ്ജയ് അറോറ ഉല്പന്നത്തിന്റെ രണ്ട് സ്ക്രീന്‍ഷോട്ടുകളും വ്യക്തിയുടെ അവലോകനവും പോസ്റ്റുചെയ്ത് ‘യെ മെറാ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’ എന്ന കുറിപ്പും നല്‍കിയിരുന്നു.
ആമസോണില്‍ വില്‍ക്കുന്ന ഉല്പന്നങ്ങളില് ഒന്നാണ് ചാണകം. നിരവധി പേര് ചാണകം പാക്കറ്റിലാക്കി വില്ക്കാന് വച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഇതാദ്യമായാണ് വന്നിരിക്കുന്നത്.