ഡാലസ്:അമേരിക്കയിലെ ഹൂസ്റ്റണില്‍ മൂന്നുവയസുകാരി ഷെറിന് മാത്യുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തു പിതാവ് വെസ്ലി മാത്യുവിന്റെ ജാമ്യത്തുക 2.5 മില്യണ്‍ ഡോളറില്‍ നിന്നും 1.3 മില്യനാക്കി കുറച്ചുകൊണ്ട് ഡാലസ് കൗണ്ടി ജഡ്ജ് ആംബര്‍ ഗിവന്‍സ് ഡേവിസ് ഓഗസ്റ്റ് ഒന്നിന് ബുധനാഴ്ച ഉത്തരവിട്ടു.
ജാമ്യ സംഖ്യ കുറയ്ക്കുകയാണെങ്കില്‍ വെസ്ലിക്ക് ജയിലില്‍ നിന്നും പുറത്തു കടക്കാനാകുമെന്നും വെസ്ലി സമൂഹത്തിന് ഒരു ഭീഷണിയല്ലെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് ഷെറിന്റെ മരണം സംഭവിച്ചതെന്നും വെസ്ലിയുടെ അറ്റോര്‍ണി ഡിലഗാര്സ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജാമ്യ സംഖ്യ കുറയ്ക്കാന്‍ ജഡ്ജി തീരുമാനിച്ചത്.
ജഡ്ജിയുടെ വിധി ബഹുമാനിക്കുന്നുവെന്നും പുതിയ ബോണ്ട് തുക കെട്ടിവച്ചു പുറത്തിറങ്ങാനാകുമോ എന്നു പരിശോധിച്ചു വരികയാണെന്നും അറ്റോര്‍ണി അറിയിച്ചു. വെസ്ലിക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും വധശിക്ഷ ആവശ്യപ്പെടണമോ എന്ന തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂട്ടേഴ്സ് അറിയിച്ചു. 2019ലായിരിക്കും മിക്കവാറും കേസ് ജൂറിക്കു മുമ്പാകെ വരികയെന്നും പറയപ്പെടുന്നു. സിനിയും വെസ്ലിയും ഇപ്പോഴും ഡാലസ് കൗണ്ടി ജയിലിലാണ്.
ഇന്നു കോടതിയില്‍ ഹാജരാക്കിയ വെസ്ലി ശാന്തനും വികാരരഹിതനുമായാണ് കാണപ്പെട്ടത്. 2017 ഒക്ടോബര്‍ 22 നാണ് ഷെറിന്റെ മൃതദേഹം റിച്ചാര്‍ഡ്സണിലുള്ള വീടിനു സമീപം സ്ഥിതി ചെയ്യുന്ന കലുങ്കിനുള്ളില്‍ നിന്നും കണ്ടെടുത്തത്. ഷെറിന് കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് മലയാളി ദമ്പതികള്‍ വെട്ടിലായത്.
റിച്ചഡ്സനിലെ വസതിയില്‍ നിന്നു കാണാതായെന്നു വളര്ത്തച്ഛന് വെസ്ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം കഴിഞ്ഞ ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. വെസ്ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.
പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായി എന്നായിരുന്നു വെസ്ലി പോലീസിനോട് ആദ്യം പറഞ്ഞത്. പാല് കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി. ഷെറിന് കാണാതാകുന്നതിന്റെ തലേന്നു വീട്ടില്‍ തനിച്ചാക്കി റസ്റ്ററന്റില്‍ പോയതിനു സിനി മാത്യൂസിനെതിരെ കേസുണ്ട്. എന്നാല്‍ ഷെറിന്റെ മരണത്തില്‍ സിനിക്കു പങ്കുണ്ടെന്നു തെളിയിക്കാനാവശ്യമായതൊന്നും മൃതദേഹ പരിശോധനയില്‍ ലഭിച്ചില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.