കിന്‍സ്ഹാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വീണ്ടും എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കോംഗോയില്‍ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയാന്‍ വിദേശ രാജ്യങ്ങള്‍ കൂടുതല്‍ സഹായം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.
രാജ്യത്ത് വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബുട്ടേംബോ മേഖലയില്‍ നിന്ന് ഗോമയിലേക്കെത്തിയ ഒരാള്‍ക്കാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നത്. ഗോമയില്‍ കണ്ടെത്തിയ വൈറസ് റുവാണ്ടന്‍ അതിര്‍ത്തിയിലെ ജനവാസ മേഖലയിലേക്ക് എത്തുമെന്ന ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോംഗോയില്‍ 1500-ലധികം പേര് എബോള ബാധിച്ച് മരിച്ചുവെന്നാണ് കണക്ക്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റുവാന്‍ഡ,സൗത്ത് സുഡാന്,ഉഗാണ്ട തുടങ്ങിയ അയല്‍രാജ്യങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.