ഹോനോലുലു: 269 യാത്രക്കാരുമായി പറന്ന എയര്‍കാനഡ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വാന്‍കോവറില്‍ നിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തില്‍ 37 പേര്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ചയായിരുന്നു സംഭവം. 269 യാത്രക്കാരും 15 ജീവനക്കാരുമായിരുന്നു എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനത്തിലുണ്ടായിരുന്നത്. 36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മിക്കവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് വിമാനത്തിലെ ഒരു യാത്രക്കാരന് പറഞ്ഞു. അതിനാല്‍ വിമാനത്തിന് കുലുക്കം സംഭവിച്ചതിനെ തുടര്‍ന്ന് സീറ്റില്‍നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ തലയിടിച്ചും മറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന ചെറിയ കുട്ടികളടക്കം പരിഭ്രാന്തരായി കരയാന്‍ തുടങ്ങിയതും ആശങ്കയിലാക്കി.
തുടര്‍ന്ന് വിമാനം അടിയന്തരമായി ഹോനോലുലു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് ഉടന്‍ തന്നെ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. യാത്ര തടസ്സപ്പെട്ടവര്‍ക്ക് ബദല്‍ക്രമീകരണവും താമസസൗകര്യവും ഏര്‍പ്പെടുത്തി.