ന്യൂയോര്‍ക്ക്: യുഎസിലെ അറ്റ്ലാന്റയില്‍ നിന്ന് ബാള്‍ട്ടിമോറിലേക്ക് 148 യാത്രക്കാരുമായി പോയ വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരുമായി വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് യാത്രക്കാര്‍ എന്‍ജിനില്‍ തീ വലയം കണ്ടത്.
അതേസമയം, ക്യാബിനില്‍ പുകപടരുക കൂടി ചെയ്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. എന്‍ജിനില്‍ നിന്നും ഓറഞ്ച് നിറത്തിലുള്ള വലയം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. അതിന് പിന്നാലെ ക്യാബിനിലേക്ക് പുക പടരുകയും ശബ്ദം കേള്‍ക്കുക കൂടി ചെയ്തതോടെയാണ് യാത്രക്കാര്‍ പരിഭ്രാന്തിയിലായത്.
നോര്‍ത്ത് കരോലിനയിലെ റാലീ ദുര്‍ഹാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. ഗുരുതരമായ പ്രശ്നങ്ങളില്ല എന്നാണ് വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ വിമാനത്തിന്റെ ഇടത് എന്ജിന് തകരാറിലാവുകയായിരുന്നുവെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.