ലണ്ടന്‍: എട്ട് മാസമായ ഗര്‍ഭിണിയെ അക്രമി കുത്തിക്കൊന്നു. അതിദാരുണമായ സംഭവമാണ് ലണ്ടനിലെ ക്രോയ്ഡോണില്‍ നടന്നത്. എന്നാല്‍ ജീവന് വെടിയുന്നതിന് മുമ്പ് തന്നെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് യുവതി. പക്ഷേ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് അക്രമം നടന്നത്. സംഭവത്തില്‍ 29കാരനായ അക്രമി അറസ്റ്റിലായതായി പോലീസ് പറയുന്നു.
കെല്ലി മേരി ഫേവ്റല്ലെ എന്ന 26 കാരിയാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് എത്തിയ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ ജീവന് രക്ഷിക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ ഇതിനിടയില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് പിറന്ന ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
സംഭവ സമയത്ത് മൂന്ന് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആക്രമണം നടന്ന ഉടനെ ഇവര്‍ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസിലും മെട്രോപൊളിറ്റന്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. കൊലപാതകത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് അപലപിച്ചു.