ദുറങ്കോ: എയ്റോ മെക്സിക്കോ വിമാനക്കമ്പനിയുടെ വിമാനം 101 യാത്രക്കാരുമായി തകര്‍ന്നുവീണു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ് അപകടം ഉണ്ടായത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 101 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരില്‍ ചിലര്‍ക്ക് സാരമല്ലാത്ത പരിക്കുകളുണ്ടെന്നാണ് വിവരം.
ശക്തമായ കാറ്റിലും മഴയിലും ഉലഞ്ഞാണ് വിമാനം തകര്‍ന്നതെന്ന് കരുതുന്നു. മെക്സിക്കോയിലെ ദുറങ്കോ വിമാനത്താവളത്തിലാണ് അപകടം നടന്നത്. രാജ്യതലസ്ഥാനമായ മെക്സിക്കോ സിറ്റി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയ്റോമെക്സിക്കോ വിമാനക്കമ്പനിയുടെ 2431 നമ്പര്‍ വിമാനമാണ് തകര്‍ന്നത്.
ഇടതുചിറകുകള് നിലത്തുകുത്തിയാണ് വിമാനം വീണത്. പിന്നീട് റണ്‍വേയിലൂടെ നിരങ്ങിമാറിയ വിമാനം 300 മീറ്റര്‍ അകലെ വരെ പോയി. രണ്ട് നവജാത ശിശുക്കളും ഒന്‍പത് കുട്ടികളും അടക്കം 99 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
പൈലറ്റടക്കം 49 പേരെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെക്സിക്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പത്ത് വര്‍ഷത്തോളം പഴക്കമുളളതാണ് വിമാനം.