ന്യൂഡല്‍ഹി: ശിക്ഷാകാലാവധി കഴിഞ്ഞ 360 ഇന്ത്യന്‍ തടവുകാരെ പാകിസ്താന് മോചിപ്പിക്കും. ഇവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് മോചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ തടവുകാരെ മോചിപ്പിക്കും.
പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് ഫൈസല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ പാകിസ്താന് ജയിലില്‍ 537 ഇന്ത്യന്‍ തടവുകാര്‍ ഉണ്ട്. ഇതില്‍ 483 പേര് മത്സ്യബന്ധന തൊഴിലാളികളും 54 പേര് സാധരണക്കാരുമാണ്. ഇതില്‍ 100 പേരെ തിങ്കളാഴ്ച വിട്ടയയ്ക്കും. പിന്നീട് ഏപ്രില്‍ 15-ന് 100 പേരെ കൂടി വിട്ടയയ്ക്കും.
22-ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെ മോചിപ്പിക്കും. അവസാനത്തെ 60 പേരെ 29-നായിരിക്കും വിട്ടയക്കുക. 347 പാകിസ്താന് തടവുകാര്‍ ഇന്ത്യന്‍ ജയിലുകളിലുണ്ടെന്നും ഇന്ത്യ അവരെ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് വിദേശകാര്യ വക്താവ് പറഞ്ഞു.