വാര്‍സോ: ദൈവ നിന്ദയെന്ന് ആരോപിച്ച് കത്തോലിക്കാ വൈദികന്മാര് ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കി പ്രതിഷേധിച്ചു. വടക്കന്‍ പോളണ്ടിലെ നഗരമായ കൊസാലിനിലാണ് സംഭവം. ലോകപ്രശസ്തമായ കൃതിയില്‍ ദൈവത്തെ നിന്ദിക്കുന്നുവെന്ന് പുരോഹിതന്മാര് ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. പുരോഹിത്മാരുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ദൈവ നിന്ദയെന്ന് ആരോപിച്ച് ബ്രിട്ടീഷ് എഴുത്തുകാരിയായ ജെകെ റൗളിങിന്റെ ഹാരിപോട്ടര്‍ നോവല്‍ പരമ്പരയിലെ പുസ്തകങ്ങളുടെ കോപ്പികളാണ് മൂന്ന് വൈദികര്‍ ചേര്‍ന്ന് കത്തിച്ചത്. ഇതിലൂടെ തങ്ങളുടെ പ്രതിഷേധമാണ് അറിയിക്കുന്നതെന്ന് പുരോഹിത്മാര്‍ വ്യക്തമാക്കി. കുറിപ്പിനൊപ്പം പുസ്തകങ്ങള്‍ കത്തിക്കുന്നതിന്റെ ചിത്രങ്ങളും വൈദികര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
പുസ്തകങ്ങള്‍ക്കൊപ്പം കറുത്ത വര്‍ഗക്കാരന്റെ രൂപ സാദൃശ്യമുള്ള ഒരു മുഖംമൂടിയും കാര്‍ട്ടൂണ്‍ ചിത്രങ്ങളുള്ള ഒരു കുടയും ഹിന്ദു വിശ്വാസപ്രകാരമുള്ള ഒരു വിഗ്രഹവും വൈദികര്‍ കത്തിച്ചു. സംഭവം തമാശയായി കണ്ടാല്‍ മതിയെന്ന് ചിലര്‍ ചിത്രത്തിന് താഴെ കുറിച്ചു. എന്നാല്‍ 21ാം നൂറ്റാണ്ടില്‍ ഭാവനാത്മകമായ ഒരു കഥ കത്തിക്കാന്‍ തോന്നുന്ന മനോഭാവം തികച്ചും മതാന്ധതയാണെന്നും മറ്റ് ചിലര്‍ വിമര്‍ശിച്ചു.