ബാങ്കോക്ക്: രക്ഷപ്പെടാനാവാതെ ചെളിക്കുണ്ടില്‍ അകപ്പെട്ട ആനക്കുട്ടികളെ രണ്ടുദിവസത്തിനുശേഷം കരയ്ക്കു കയറ്റി. തായ്ലാന്ഡില് കിഴക്കന്‍ ബാങ്കോക്കിലെ നാഷണല്‍ പാര്‍ക്കിലായിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് വെള്ളവും ചെളിയും നിറഞ്ഞ കുഴിയിലേക്ക് ആനക്കുട്ടികള്‍ വീണത്.
കുഴിയില്‍ അകപ്പെട്ട ആനക്കുട്ടികള്‍ കരയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ഓരോ തവണയും കാല്‍വഴുതി ചെളിയിലേക്ക് തന്നെ വീഴുകയായിരുന്നു. ചതുപ്പ് പോലുള്ള നിലമായതിനാല്‍ ആനക്കുട്ടികള്‍ കൂടുതല്‍ താഴ്ചയിലേക്ക് താഴ്ന്നുപോകുന്ന സ്ഥിതിയുമുണ്ടായി. ഒരു വയസ്സിനും നാലുവയസ്സിനും ഇടയില്‍ പ്രായമുള്ള ആറ് ആനക്കുട്ടികളാണ് ചെളിക്കുണ്ടില്‍ അകപ്പെട്ടത്.
രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായി തീര്‍ന്നതോടെ ആനക്കുട്ടികള്‍ അലറിവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പാര്‍ക്ക് അധികൃതര്‍ എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. അപകടം നടന്ന ചെളിക്കുണ്ടിന് സമീപത്തുനിന്ന് മണ്ണെടുത്ത് കുഴിയിലേക്ക് നിരപ്പായ വഴിയൊരുക്കുകയായിരുന്നു. കുഴിയില്‍ നിന്നും എളുപ്പം കയറി വരാവുന്ന രൂപത്തില്‍ വഴി കണ്ടതോടെ ആവേശത്തോടെ ആറ് ആനക്കുട്ടികളും കരയിലേക്ക് കയറി വന്നു.