ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 26 വരെ നീരവ് മോദി ജയിലില്‍ തുടരണമെന്ന് കോടതി ഉത്തരവിട്ടു. നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന ക്രൗണ്‍ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.
കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ നീരവ് മോദി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ജാമ്യം ലഭിച്ചാല്‍ നീരവ് മോദി ബ്രിട്ടന് വിട്ടുപോകാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന് യുകെ കോടതിയെ ബോധിപ്പിച്ചു. ഇന്ത്യയില്‍നിന്നുള്ള സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും കോടതിയില്‍ പ്രോസിക്യൂഷനെ സഹായിക്കാനായി എത്തിയിരുന്നു.