ഡാനിഷ്: പാര്‍ലമെന്റില്‍ കുഞ്ഞുമായി എത്തിയ വനിത എംപിയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചു. അഞ്ചുമാസം മാത്രം പ്രായമുള്ള എസ്തര് മേരി എന്ന പെണ്‍കുഞ്ഞുമായി ഭരണകക്ഷി അംഗം അബില്‍ഗാര്‍ഡ് പാര്‍ലമെന്റില്‍ എത്തുകയായിരുന്നു. എന്നാല്‍ കുട്ടിയുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ല എന്ന് സ്പീക്കര്‍ ഇവരെ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഇവര്‍ പുറത്ത് ഇറങ്ങി കുഞ്ഞിനെ സഹായിയുടെ കൈകളില്‍ ഏല്‍പ്പിച്ച ശേഷം വീണ്ടും പാര്‍ലമെന്റില്‍ പ്രവേശിക്കുകയായിരുന്നു. സ്ത്രീ സൗഹൃദ രാജ്യമെന്നു പേരുകേട്ട ഡെന്മാര്ക്കിലെ പാര്‍ലമെന്റില്‍ ഉണ്ടായ സംഭവത്തിനെക്കുറിച്ച് എംപി തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പും ചര്‍ച്ചയാകുകയാണ്.
എംപി മകളുമായി പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതില്‍ അനുവാദം ചോദിച്ചിരുന്നില്ല എന്ന വിമര്‍ശനത്തിന് മറ്റൊരു സഹപ്രവര്‍ത്തക കുഞ്ഞുമായി ഇരിക്കുന്നത് താന്‍ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. ഇതിനു മുമ്പ് താന്‍ കുഞ്ഞുമായി പാര്‍ലമെന്റില്‍ വന്നിട്ടില്ലെന്നും പക്ഷേ കഴിഞ്ഞ ദിവസം തനിക്കു മുമ്പില്‍ മറ്റുമാര്ഗവും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇവരുടെ ഭര്‍ത്താവായിരുന്നു പതിവായി കുഞ്ഞിനെ നോക്കിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് മറ്റുതിരക്കുകള്‍ ഉണ്ടായിരുന്നുവെന്നും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. എസ്തര് കരഞ്ഞു ബഹളം ഉണ്ടാക്കുന്ന കുട്ടിയല്ലെന്നും കരഞ്ഞാല്‍ ശബ്ദം പുറത്തു വരാതിരിക്കാനുള്ള പാസിഫറും വച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്പീക്കര്‍ ഈ വിഷയത്തെക്കുറിച്ച് പ്രതീകരിച്ചത് എംപിമാര്‍ക്ക് പങ്കെടുക്കാമെങ്കിലും മക്കള്‍ക്ക് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു. ഡെന്മാര്ക്കിലെ നിയമം അനുസരിച്ച് പ്രസവത്തെ തുടര്‍ന്ന് വനിത എം പിമാര്‍ക്ക് പൂര്‍ണശമ്പളത്തോടെ ഒരു വര്‍ഷം അവധി ലഭിക്കും.