വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപ് സ്വര്‍ഗം പോലൊരു ഇടമാണ്. അധികമൊന്നും നഗരവത്കരിക്കപ്പെട്ടു പോകാത്ത ഇപ്പോഴും പ്രകൃതിയുടെ ഗന്ധം തങ്ങി നില്ക്കുന്ന സ്ഥലം. 574 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതി മാത്രമേ ഈ ദ്വീപിനുള്ളൂ. ഇവിടെയുള്ള ആള്ക്കാര് മത്സ്യബന്ധനം, കൃഷി, വിനോദസഞ്ചാരം എന്നിവയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 2014 മുതലാണ് വിയറ്റ്നാം സര്‍ക്കാര്‍ ഇവിടെ വിനോദ സഞ്ചാരം അനുവദിച്ചത്.
ഫൂ ക്വോക് ഡിസ്ട്രിക്ട് ഇരുപത്തിയെട്ടു ദ്വീപുകള്‍ ചേര്‍ന്നതാണ്. തായ്ലന്ഡ് ഉള്‍ക്കടല്‍ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണിത്. ഈ ദ്വീപസമൂഹത്തിലെ മനോഹരമായ ഒരു ദ്വീപാണ് ഹോന്‍ സ്വോങ്ങ്. ഇവിടുത്തെ ഹോണ്‍ തോം ദ്വീപിലാണ് ലോകത്തിലെ ഏറ്റവും വലിയ കേബിള്‍ കാര്‍. പൈനാപ്പിള്‍ ദ്വീപ് എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. 70 കാബിനുകളിലായി ഒരു മണിക്കൂറില്‍ മൂവായിരത്തി അഞ്ഞൂറ് പേര്‍ക്ക് ഈ കേബിള്‍ കാറില്‍ ദ്വീപ് ചുറ്റിക്കാണാം.
വൃത്തിയുള്ള, പഞ്ചാരപോലെയുള്ള മണലുള്ള, അധികമാരും തൊടാത്ത വൃത്തിയുള്ള കടല്ക്കരകയാണ് ഈ ദ്വീപ സമൂഹത്തിന്റെ പ്രധാന ആകര്‍ഷണം. ഖേം ബീച്ചാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. ചുവന്ന നക്ഷത്രമത്സ്യമാണ് ഈ ബീച്ചിലെ മറ്റൊരു ആകര്‍ഷണം. ഏറ്റവുംചൂടുള്ള ദിവസം പോലും ഇരുപത്തിയൊന്‍പത് ഡിഗ്രി വരെയാണ് ഈ ദ്വീപിലെ ചൂടിന്റെ അളവ്. സഞ്ചാരികള്‍ക്ക് വിയറ്റ്നാമില്‍നിന്നു ഫൂ ക്വോക്കിലേക്ക് മുപ്പതു ദിവസത്തേക്കുള്ള ടൂറിസ്റ്റ് വീസ ലഭിക്കും.