ഹരാരേ: ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 180 ആയി. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. സിംബാവേയില്‍ മാത്രം മരണസംഖ്യ 98 ആയി. 217 പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
മൊസാംബിക്കിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 84 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. റെഡ് ക്രോസിന്റ് സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടുകള്‍ വ്യാപകമായി തകര്‍ന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയ നിലയിലാണ്. ഗതാഗതസംവിധാനങ്ങളും താറുമാറായി.
വന്‍ മരങ്ങള്‍ കടപുഴകി വീണു. നിരവധി കൃഷി സ്ഥലങ്ങള്‍ നശിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. സിംബാവേയില്‍ 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.