വെല്ലിംഗ്ടണ്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും മട്ടനെന്ന് കരുതി ബീഫ് വാങ്ങി കഴിച്ച ഒരു ബാര്‍ബര്‍ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതരോട് നഷ്ടപരിഹാരമായി പണം ആവശ്യപ്പെട്ടു. ജസ്വിന്ദര് പോളെന്ന ഇന്ത്യന്‍ വംശജനായ ബാര്‍ബറാണ് പശുവിറച്ചി കഴിച്ചതിലൂടെ താന്‍ ചെയ്ത പാപത്തിന് ഇന്ത്യയിലെത്തി പരിഹാരം ചെയ്യാനായി കാശ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ ആട്ടിറച്ചിയുടെ സ്റ്റിക്കര്‍ മാറി ബീഫ് പാക്കറ്റിന് മുകളില്‍ പതിച്ചതാണ് പ്രശ്നത്തിന് കാരണം. പശുവിറച്ചിയാണെന്നറിയാതെ വീട്ടില്‍ കൊണ്ട് പോയി പാചകം ചെയ്ത് കഴിച്ചപ്പോഴാണ് താന്‍ വലിയ പാപം ചെയ്തുവെന്ന സത്യം ജസ്വിന്ദറിന് മനസിലായത്.
പിന്നെ ഒട്ടും താമസിച്ചില്ല താന്‍ ഹിന്ദുവാണെന്നും പശുവിറച്ചി കഴിച്ചതിലൂടെ താന്‍ ചെയ്ത പാപത്തിന് ഇന്ത്യയിലെത്തി പരിഹാരം ചെയ്യണമെന്നും അതിനായുള്ള കാശ് സൂപ്പര്‍മാര്‍ക്കറ്റ് നല്‍കണം എന്നുമാണ് ജസ്വിന്ദര് ആവശ്യപ്പെടുന്നത്. ഒരു മാസത്തിന് മുകളില്‍ പുരോഹിതന്മാരുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയിലെത്തി പരിഹാര കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യേണ്ടതുണ്ടെന്നും, ഇന്ത്യയില്‍ പോയി വരുന്നതിനായുള്ള യാത്രാക്കൂലി നല്‍കണമെന്നും ഇയാള്‍ അവശ്യപ്പെടുന്നു.
അതേസമയം, തെറ്റ് പറ്റിയതില്‍ ക്ഷമചോദിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികാരികള്‍ ഗിഫ്റ്റ് വൗച്ചര്‍ നല്കി. അതിലൂടെ ഈ പ്രശ്നം അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍.