ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തന്റെ ഭരണകാലത്ത് രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം ഭീകരസംഘടനായായ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നു എന്ന് സൂചന നല്കി പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാകിസ്താന് വാര്‍ത്താ ചാനലില്‍ മാധ്യമപ്രവര്‍ത്തകനായ നദീം മാലികുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മുഷറഫ് സൂചന നല്‍കിയത്.
ഒപ്പം ജെയ്ഷെ മുഹമ്മദിനെതിരെ എടുത്ത നടപടികളെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. 2003ഡിസംബറില്‍ രണ്ടു തവണ ജെയ്ഷെ മുഹമ്മദ് തനിക്ക് നേരെ വധശ്രമം നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഷറഫ് എന്ത് കൊണ്ട് അധികാരത്തിലിരുന്ന സമയത്ത് ജെയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുത്തില്ല എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അക്കാലങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നാണ് മുഷറഫ് മറുപടി പറഞ്ഞത്.
മുഷറഫ് അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയും പാകിസ്താനും കനത്ത പോരാട്ടം നടത്തുകയായിരുന്നു. ഇരു രാജ്യങ്ങളും മറുരാജ്യത്ത് ബോംബാക്രമണം നടത്താന്‍ ആളുകളെ ഏര്‍പ്പാടാക്കിയിരുന്നുവെന്നും തന്റെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും ഇത്തരത്തില്‍ മറ്റുള്ളവരെ ഉപയോഗിച്ച് ഇത് നടത്തിയിരുന്നുവെന്നും അത് കൊണ്ട് തന്നെ ജെയ്ഷെക്കെതിരെ അന്ന് ശക്തമായ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.