ടോക്യോ: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ജയിലിലായ മുന്‍ നിസാന്‍ തലവന്‍ കാര്‍ലോസ് ഗോസന് ടോക്യോ കോടതി ജാമ്യം അനുവദിച്ചു. ഒരു ബില്യണ്‍ യെന്‍ ആണ് കെട്ടിവെക്കേണ്ട തുക. കാര്‍ലോസ് ഗോസന് പ്രമുഖ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാനിന്റെ ചെയര്‍മാനായിരുന്നു.
കമ്പനിയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കാര്‍ലോസ് ഗോസനെ അറസ്റ്റ് ചെയ്തത്. കമ്പനിയുടെ സമ്പത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതും ശമ്പള വിവരങ്ങള്‍ തെറ്റായി കാണിച്ചു എന്നതുമായിരുന്നു കാര്‍ലോസിന്റെ മേല്‍ ചുമത്തിയ കുറ്റകൃത്യങ്ങള്‍.
ഇതിന് മുന്‍പ് കാര്‍ലോസിന്റെ ജാമ്യാപേക്ഷ കോടതി രണ്ടുവട്ടം തള്ളിയിരുന്നു. കാര്‍ലോസ് പുറത്തു വന്നാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം. കാര്‍ലോസ് ഗോസന് ജാമ്യം അനുവദിക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും.
കടം ബാധിച്ച് പ്രതിസന്ധിയിലായ നിസാനെ രണ്ടു ദശകത്തിനിടെ അതിശയകരമായ നിലയിലേക്ക് തിരിച്ചെത്തിച്ചത് കാര്‍ലോസ് ഗോസന് ആയിരുന്നു. 1990കളില്‍ റിനോയില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ പേരില്‍ കുപ്രസിദ്ധിയും നേടിയിട്ടുണ്ട്. 2011ല്‍ രാജ്യത്തെ നയിക്കാന്‍ ജപ്പാന്‍കാര്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഗോസന് ഏഴാം സ്ഥാനം നേടിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ലബനാന് പ്രസിഡന്റ് ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.