ഹാനോയ്: ആകാംഷയോടെ കാത്തിരിക്കുന്ന ട്രംപ്-കിം രണ്ടാം ഉച്ചകോടിക്ക് ഇനി നാല് നാള് മാത്രം ബാക്കിയിരിക്കെ വിയറ്റ്നാം അവസാന ഘട്ട ഒരുക്കത്തില്‍. ഉച്ചകോടിക്കായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടും. 27, 28 തീയതികളിലാണ് ഉച്ചകോടി നടക്കുക.
ഉത്തര കൊറിയയുടെയും അമേരിക്കയുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് കൂടിക്കാഴ്ചക്ക് ആതിഥ്യമരുളാന്‍ തീരുമാനിച്ചതെന്ന് വിയറ്റ്നാം വിദേശകാര്യമന്ത്രി ഫാം ബിന്‍ മിന് പറഞ്ഞു. കൊറിയന്‍ ഉപദ്വീപില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉച്ചകോടിക്ക് ആഥിത്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചക്കായി എത്തുന്ന രാഷ്ട്ര നേതാക്കളെ സ്വീകരിക്കാനായി നഗരം മോടിപിടിപ്പിക്കുന്ന ജോലികള്‍ ഹനോയില്‍ പുരോഗമിക്കുകയാണ്. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കാനുള്ള ശ്രമത്തിലാണ് വിയറ്റനാം സര്‍ക്കാര്‍.