ലോകം മുഴുവന്‍ ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു അത്യാഹ്ളാദത്തോടെ, അതിതീവ്രതയോടെ ഒരു യുവതിയെ ചുംബിക്കുന്ന നാവികന്റെ ചിത്രം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആനന്ദം ഒരു ചുംബനത്തില്‍ നിറച്ച ആ നാവികന് ജോര്‍ജ് മെന്‍ഡോസ ഞായറാഴ്ച ലോകത്തോട് വിടപറഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറവും യുദ്ധാനന്തര ആഹ്ളാദപ്രതീകമായി വാഴ്ത്തപ്പെടുന്നതാണ് ഈ ചിത്രം.
ജോര്‍ജ് മെന്‍ഡോസ ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഗ്രീറ്റ സിമ്മര്‍ ഫ്രീഡ്മാന് എന്ന നഴ്സിനെ ചുംബിച്ചത് 1945 ഓഗസ്റ്റ് 14 ന് ജപ്പാന് കീഴടങ്ങിയതിനെ തുടര്‍ന്ന് നടന്ന ആഹ്ളാദ പ്രകടനങ്ങള്‍ക്കിടയിലാണ്. ലൈഫ് മാഗസിനിലാണ് ആല്‍ഫ്രഡ് ഐസന്‍സ്റ്റെയ്ഡ് പകര്‍ത്തിയ ആ നിമിഷം ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോകളില്‍ ഒന്നാണ് ‘ദ കിസ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രം.
ലോകം മുഴുവന്‍ പ്രചരിച്ച ചിത്രം ഇപ്പോഴും പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോര്‍ജും ഗ്രീറ്റയുമാണ് ചിത്രത്തിലുള്ളതെന്ന് തിരിച്ചറിഞ്ഞത്. നാവികസേനാ കപ്പലുകളിലെ നേഴ്സുമാര്‍ യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ ആത്മാര്‍ഥതയോടെ പരിചരിക്കുന്നത് കണ്ടിട്ടുണ്ടെന്നും അവരോടുള്ള ബഹുമാനം മനസില്‍ സൂക്ഷിച്ചിരുന്നത് കൊണ്ടാണ് യുദ്ധം അവസാനിച്ച വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം പങ്കിടാന്‍ ഒരു നഴ്സിനെ ചുംബിക്കാന്‍ തോന്നിയതെന്ന് ജോര്‍ജ് 2005 ല്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ആഘോഷങ്ങള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ ഒരാള്‍ അടുത്തെത്തി കടന്നുപിടിച്ച് ചുംബനം നല്‍കുകയായിരുന്നുവെന്നും അതൊരു പ്രണയപ്രകടനമായിരുന്നില്ലെന്നും ഗ്രീറ്റയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2016 ല്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗ്രീറ്റ മരിച്ചു. തന്റെ 96ാം പിറന്നാളിന് രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് ജോര്‍ജ് മരിച്ചത്.