ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് ദുബായ് നഗരത്തിലെ ‘ബുര്‍ജ് ഖലീഫ’. ഇനിമുതല്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്വീകരണമുറിയുള്ള സമുച്ചയംകൂടിയാണ് ഇത്.
ഇത് സജ്ജീകരിച്ചിരിക്കുന്നത് ബുര്‍ജ് ഖലീഫയിലെ 152 മുതല്‍ 154 വരെ നിലകളിലാണ്. ‘ദ ലൗഞ്ച്, ബുര്‍ജ് ഖലീഫ’ എന്ന സ്വീകരണമുറിയില്‍ ഉയരമേറിയ കെട്ടിടത്തില്‍നിന്നുള്ള കാഴ്ചകള്‍ മാത്രമല്ല, ബുര്‍ജ് ഖലീഫയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അര്മാനിയിലെ രുചിയേറിയ ഭക്ഷണവും ലഭിക്കും. ഇത് ഭൂനിരപ്പില്‍നിന്ന് 575 മീറ്റര്‍ ഉയരത്തിലായിരിക്കും. നേരത്തേ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നത് 148ാം നിലവരെയായിരുന്നു.
പുതിയ സ്വീകരണമുറിയില്‍ ചില്ലിന്റെ മതിലുകളില്ലാത്ത ടെറസില്‍നിന്ന് സുഗമമായി കാഴ്ചകള്‍ ആസ്വദിക്കാനും ഭക്ഷണം കഴിക്കാനും ചെറിയ യോഗങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ വൈകീട്ട് നാലുമണി വരെയും അഞ്ചരമുതല്‍ ഏഴുവരെയും രാത്രി ഏഴരമുതല്‍ വൈകുംവരെയുമാണ് പ്രവേശനം. ഓരോ നേരത്തെയും ഭക്ഷണം വ്യത്യസ്തമായിരിക്കും. പ്രശസ്തരുടെ സംഗീതപരിപാടികളും ഇവിടെ ആസ്വദിക്കാനുള്ല സൗകര്യം ഒരുക്കിയിട്ടുണ്ട്.
550 ദിര്‍ഹമാണ് (ഏതാണ്ട് പതിനായിരം രൂപ) സായാഹ്നങ്ങളില്‍ ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. സന്ധ്യ മയങ്ങിയാല്‍ നിരക്ക് 600 ദിര്‍ഹമാവും (11,640 രൂപയോളം). ബുര്‍ജ് ഖലീഫയുടെ വെബ്സൈറ്റ് വഴി നേരത്തേ സീറ്റുകള്‍ ഉറപ്പിക്കാം. ഇവിടേക്കുള്ള പ്രവേശനം അര്‍മാനി ഹോട്ടല്‍ ലോബിവഴിയായിരിക്കും.