പാരിസ്: ഇന്ധന വിലവര്‍ധനവിനെതിരെ ഫ്രാന്‍സില്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
13 ആഴ്ച പിന്നിട്ടിട്ടും ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധവുമായി മഞ്ഞകുപ്പായക്കാര്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് മാര്‍ച്ച് നടത്തി. ഇതിനിടയില്‍ പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞത് പ്രതിഷേധം വ്യാപകമാക്കാന്‍ കാരണമായി. തുടര്‍ന്ന് റാലിക്കു നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു.
പോലീസുമായുണ്ടായ ഏറ്റു മുട്ടലില്‍ നൂറു കണക്കിന് ആളുകള്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ ആര്‍ക്കേ ഡി ട്രയഫിനു മുന്പില് നടത്തിയ റാലിക്കിടെ പോലീസ് പ്രകോപനമില്ലാതെ പ്രതിഷേധക്കാരെ നേരിടുകയായിരുന്നെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതുവരെ ഫ്രാന്‍സില്‍ നടന്ന പ്രതിഷേധങ്ങളില്‍ 1000 പോലീസുകാര്‍ക്കും 1700 പ്രതിഷേധക്കാര്‍ക്കും പരിക്ക് പറ്റിയെന്നാണ് ഔദ്യോഗിക വിവരം.
ഇത്രയേറെ പ്രതിഷേധം ഉണ്ടായിട്ടും വില വര്‍ധനവ് തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരും പോലീസുകാരും ചേര്‍ന്ന് പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ നിലപാട് മാറ്റുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.