മോണ്ടാന: പോളാര്‍ വോര്‍ട്ടെക്സിന്റെ ഫലമായുണ്ടായ കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയി ഒരു പൂച്ചക്കുട്ടി. ഫ്ലഫിയെന്നു പേരുള്ള മൂന്നുവയസ്സുകാരി പൂച്ചയാണ് തണുത്തുറഞ്ഞുപോയത്. യുഎസിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്പെല്ലിലാണ് സംഭവം. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവില്‍ മൃഗഡോക്ടര്‍മാര്‍ ഫ്ലഫിയെ രക്ഷിച്ചെടുത്തു.
സാധാരണ ഫ്ലഫി വീടിനു പുറത്ത് കറങ്ങിനടക്കാറുണ്ട്. എന്നാല്‍ രക്തംപോലും ഉറഞ്ഞുപോകുന്ന, ദേഹമാസകലം മൂടിപ്പുതച്ചുമാത്രം മനുഷ്യര്‍ പുറത്തിറങ്ങുന്ന കൊടും തണുപ്പിന്റെ പ്രശ്നങ്ങളറിയാതെ ഫ്ലഫി പുറത്തിറങ്ങിയതാണ് പ്രശ്നമായത്. വീട്ടുകാര്‍ കാണുമ്പോള്‍ തണുത്തു മരവിച്ച് ദേഹമാസകലം മഞ്ഞുകട്ടകള്‍ വീണു കിടക്കുകയായിരുന്നു ഫ്ലഫി. ഉടന്‍തന്നെ ഫ്ലഫിയെ മൃഗാശുപത്രിയിലേക്ക് എത്തിച്ചു.
പക്ഷിക്കൂടുകളിലും മറ്റും ചൂട് നല്കാനുപയോഗിക്കുന്ന കേജ് വാമറും ഐവി ഫ്ലൂയിഡും ചൂടുവെള്ളവും ഹെയര്‍ ഡ്രൈയറും ഒക്കെ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ഫ്ലഫിയെ പരിചരിച്ചു. പൂച്ചകളുടെ ശരീരതാപനില 100-102 ഡിഗ്രി ഫാരന്‍ഹീറ്റാണ്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഫ്ലഫിക്കുണ്ടായിരുന്നത് 90 ഡിഗ്രിയും. ഡോക്ടര്‍മാരുടെ ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫ്ലഫി സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയ ഫ്ലഫി സന്തോഷവതിയാണ്. വീട്ടിനുള്ളിലെ ഹീറ്ററിന്റെ ചൂടില്‍ സുഖമായി നടക്കുകയാണ് ഇപ്പോള്‍.