തെക്കന്‍ പസഫിക് സമുദ്രത്തില്‍ ടോംഗോയ്ക്കു സമീപം ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നിങ്ങനെ രണ്ടു ദ്വീപുകള്‍ ഉണ്ട്. ഇവയ്ക്കു നടുവിലെ അഗ്നിപര്‍വതം പൊട്ടി 2014 ഡിസംബറിനും 2015 ജനുവരിക്കും ഇടയില്‍ ഒരു പുതിയ ‘അദ്ഭുത ദ്വീപ്’ ഉയര്‍ന്നു വന്നു.
സാധാരണഗതിയില്‍ അഗ്നിപര്‍വതത്തിലെ ചാരവും മറ്റും കുമിഞ്ഞുകൂടിയുള്ള ദ്വീപ് തിരയടിയില്‍പ്പെട്ട് വൈകാതെ നശിച്ചു പോവുകയാണ് പതിവ്. എന്നാല്‍ നാസയുടെ തുടര്‍ച്ചയായ സാറ്റലൈറ്റ് നിരീക്ഷണത്തില്‍ ചെടികളും പക്ഷികളുമെല്ലാമായി ആ ദ്വീപില്‍ ഒരു ആവാസവ്യവസ്ഥ തന്നെ രൂപപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലായി.
ഈ ദ്വീപ് ആറു മുതല്‍ 30 വര്‍ഷം വരെ കടലില്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് നാസ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൂടാതെ 2017 ഒക്ടോബറില്‍ നാസയുടെ ഗോദര്‍ദ് സ്പെയ്സ് ഫ്ലൈറ്റ് സെന്ററിലെ ഒരു കൂട്ടം ഗവേഷകര്‍ ദ്വീപിലെത്തി. ദ്വീപില്‍ കാലുകുത്തുന്ന ആദ്യത്തെ സംഘമായിരുന്നു അവര്‍.
അപ്പോഴേക്കും അവിടെ കടല്‍ച്ചെടികള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു. സമീപത്തെ രണ്ടു ദ്വീപുകളില്‍ നിന്നായിരിക്കും വിത്തുകള്‍ എത്തിയതെന്നാണ് കരുതുന്നത്. പക്ഷിക്കാഷ്ഠം വഴിയും മറ്റും ഈ ചെടികള്‍ക്കുള്ള വളവും ലഭിച്ചു. കൂടാതെ കടല്‍പ്പക്ഷികളും ഒരിനം മൂങ്ങയും ദ്വീപിലെ അന്തേവാസികളായി മാറിയിരുന്നു. ദ്വീപിലെ മണ്ണാണ് ഈ സംഘത്തെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. സംഘം നടത്തിയ പരിശോധനയില്‍ ആ മണ്ണ് അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരമല്ലെന്നു വ്യക്തമായി. ദ്വീപിലെ മണ്ണ് പശിമയുള്ള ചെളിക്ക് സമാനമാണ്. ഇളംകറുപ്പ് നിറമാണ് അതിന്. പലയിടത്തും ചരല്‍പോലെ കറുത്ത നിറത്തിലുള്ള വസ്തുക്കളുമുണ്ടായിരുന്നു. ഭൂമിയില്‍ ഇന്നേവരെ കാണാത്ത തരം മണ്ണില്‍ ചെടികള്‍ വളരുന്നതാണ് ഗവേഷകരെ ഏറെ അത്ഭുതപ്പെടുത്തിയത്.
അവിടത്തെ മണ്ണിനെക്കുറിച്ച് കൂടുതല്‍ ഗവേഷണത്തിനൊരുങ്ങുകയാണ് ഈ സംഘം. ചൊവ്വാഗ്രഹത്തിലും കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു വെള്ളമുണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്. അന്നു വന്‍തോതില്‍ അഗ്നിപര്‍വതങ്ങളും അവിടെയുണ്ടായിരുന്നു. ഇവ രണ്ടും എങ്ങനെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അറിയാനും ‘ഹുംഗ ടോംഗ’ ദ്വീപ് സഹായിക്കുമെന്നാണു നാസ പ്രതീക്ഷിക്കുന്നത്.