വാഷിങ്ടണ്‍: വിസ തട്ടിപ്പുകേസില്‍ എട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ അറസ്റ്റിലായി. അവിനാശ് തക്കല്ലപ്പല്ലി, ഭരത് കാകിറെഡ്ഡി, സുരേഷ് കണ്ടാല, ഫനിദീപ് കര്‍ണാടി, പ്രേം റംപീസ, സന്തോഷ് സാമ, അശ്വന്ത് നുനെ, നവീന്‍ പ്രതിപാഠി എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥി വിസ ദുരുപയോഗം ചെയ്ത് 600-ഓളം അനധികൃത വിദ്യാര്‍ത്ഥികളെ യുഎസില്‍ തങ്ങാന്‍ സഹായിക്കുന്ന വ്യാജരേഖകള്‍ ചമച്ചതായാണ് കേസ്.
മിസോറി, ന്യുജേഴ്സി, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, ടെക്സാസ് എന്നിവിടങ്ങളില്‍ യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാര്‍ നടത്തിയ പരിശോധനയ്ക്കൊടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായവര്‍ എല്ലാവരും 20-30 പ്രായമുള്ളവരാണ്. തട്ടിപ്പ്കാര് വഴി രേഖകള്‍ സംഘടിപ്പിച്ച് യുഎസില്‍ തങ്ങിയ ഒട്ടേറേപ്പേര്‍ നടപടി നേരിടേണ്ടിവരുമെന്നും ഇവരെ യുഎസില്‍നിന്ന് പുറത്താക്കിയേക്കുമെന്നും പോലീസ് പറഞ്ഞു .
തട്ടിപ്പുപുറത്തുകൊണ്ടുവരാന് ഡിട്രോയിറ്റില്‍ യുണിവേഴ്സിറ്റി ഓഫ് ഫാമിങ്ടണ്‍ എന്ന പേരില്‍ വ്യജ സ്ഥാപനം തയ്യാറാക്കി അന്വേഷണ ഏജന്‍സികള്‍ രഹസ്യനീക്കങ്ങളാണ് നടത്തിയത്. ഇത് വ്യാജമാണെന്ന് അറിയാതെ തട്ടിപ്പുസംഘം അതിലെ വിവരങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ തങ്ങാനുള്ള രേഖകള്‍ തയ്യാറാക്കി നല്കി. ഇത്തരത്തില്‍ പ്രവേശനം നേടിയ ഒട്ടേറേ വിദ്യാര്‍ത്ഥികള്‍ പോലീസ് കസ്റ്റഡിയിലാണ്. രേഖകള്‍ തയ്യാറാക്കി നല്കാന് വലിയ പ്രതിഫലമാണ് ഇവര്‍ ഈടാക്കിയിരുന്നത്.