ലണ്ടന്‍: ഇന്ത്യയുടെ ദേശീയപതാക കത്തിച്ച സംഭവത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നില്‍ വിഘടനവാദി സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെയാണ് ദേശീയപതാക കത്തിച്ചത്.
ശനിയാഴ്ച ബ്രിട്ടനിലെ സിഖ്, കശ്മീരി തുടങ്ങിയ സംഘടനകളാണ് ലണ്ടനില്‍ പ്രതിഷേധിച്ചത്. ഇവര്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ മുദ്രാവാക്യം മുഴക്കുകയും പതാക കത്തിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ ഏറെ നിരാശയുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബ്രിട്ടന്റെ ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷവേളയില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിക്കുന്നുവെന്നും സംഭവത്തെക്കുറിച്ച് സ്കോട്ട്ലാന്‍ഡ് യാര്‍ഡ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.