വാഷിംഗ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയ്ക്ക് ശുചിമുറി നിഷേധിച്ച റെസ്റ്റോറന്റിന് അഞ്ച് ലക്ഷത്തോളം രൂപ പിഴ ശിക്ഷ. വാഷിങ്ടണ്‍ ഡിസിയിലെ കൊളംബിയ റെസ്റ്റോറന്റിലാണ് സംഭവം. ഷാര്‍ലറ്റ് ക്ലൈമര്‍ എന്ന ട്രാന്സ്ജെന്ഡറിനെയാണ് സ്ത്രീകളുടെ ശുചിമുറിയില്‍ കയറാന്‍ റെസ്റ്റോറന്റ് ജീവനക്കാരന് വിലക്കിയത്.
ശുചിമുറിയിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഷാര്‍ലറ്റ് ക്ലൈമരിനോട് റെസ്റ്റൊറന്റ് ജീവനക്കാരന് തിരിച്ചറിയല്‍ രേഖ അടക്കം ആവശ്യപ്പെട്ടു. ശുചിമുറിയിലേക്ക് നീങ്ങിയപ്പോള്‍ ജീവനക്കാരന് തന്നെ പിന്തുടര്ന്ന് വരികയായിരുന്നെന്നും ഷാര്‍ലെറ്റ് പറഞ്ഞു. ജീവനക്കാരനെ കൂടാതെ റെസ്റ്റോറന്റിലെ മാനേജറും തന്നോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടതായി അവര്‍ പരാതിയില്‍ ഉന്നയിച്ചു.
അവസാനം റെസ്റ്റോറന്റില്‍ നിന്ന് ഇറങ്ങിപോകാന്‍ വരെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ഷാര്‍ലെറ്റ് പോലീസില്‍ പരാതിപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഭവത്തിലാണ് 7000 ഡോളറോളം പിഴ വിധിച്ച് റെസ്റ്റോറന്റിനെതിരെ വിധി വന്നത്.