ലിമ: പരമ്പരാഗത കായിക വിനോദമായ കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാനുള്ള പെറു സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി ജനങ്ങള്‍ രംഗത്ത്. ഇത്തരം വിനോദങ്ങളിലൂടെ ജനങ്ങള്‍ സന്തോഷം കണ്ടെത്തുമ്പോള്‍ മൃഗങ്ങള്‍ ബലിയാടാവുകയാണ് ചെയ്യുന്നത്. അതിനാല്‍ മൃഗങ്ങളോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൃഗ സംരക്ഷണ സമിതി പെറു സര്‍ക്കാറിനെ സമീപിക്കുകയായിരുന്നു.
ഇതോടെ കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും നീക്കം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിന്റെ ഈ നീക്കത്തെ ജനങ്ങള്‍ എതിര്‍ത്തു. നൂറ്റാണ്ടുകളായി തുടരുന്ന മത്സരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലസ്ഥാനമായ ലിമയില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. കാളപ്പോര് നിയമവിധേയമായ രാജ്യങ്ങളിലൊന്നാണ് പെറു. വര്‍ഷം തോറും നാനൂറോളം മത്സരങ്ങളാണ് പെറുവില്‍ നടക്കാറുള്ളത്.